അവഗണിച്ചാൽ അപകടം; ശ്രദ്ധിക്കേണ്ട ആരോഗ്യരഹസ്യങ്ങൾ ഇവയാണ്

നടുവേദന ഇന്ന് മിക്കവരും നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ്. എന്നാൽ, നടുവേദനയോടൊപ്പം മൂത്രമൊഴിക്കാൻ പ്രയാസമോ, കാലുകളിൽ പെട്ടെന്നുള്ള ബലക്കുറവോ, ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളിൽ തരിപ്പോ മരവിപ്പോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അതൊരു നിസ്സാര കാര്യമായി കാണരുത്. ഇത് അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ഒരു നാഡീരോഗത്തിന്റെ മുന്നറിയിപ്പാണ്. വൈദ്യശാസ്ത്രത്തിൽ ‘കൗഡ ഇക്വിന സിൻഡ്രോം’ (Cauda Equina Syndrome) എന്നാണ് ഈ ഗുരുതരാവസ്ഥ അറിയപ്പെടുന്നത്.
എന്താണ് കൗഡ ഇക്വിന സിൻഡ്രോം?
നട്ടെല്ലിന്റെ അവസാനഭാഗത്ത് സുഷുമ്നാനാഡിയിൽ നിന്ന് താഴേക്ക് വ്യാപിച്ചു കിടക്കുന്ന ഒരു കൂട്ടം നാഡികളാണ് ‘കൗഡ ഇക്വിന’. കാലുകളുടെ ചലനം, സ്പർശന ശേഷി, മലമൂത്ര വിസർജ്ജന നിയന്ത്രണം, ലൈംഗിക പ്രവർത്തനങ്ങൾ എന്നിവയെ നിയന്ത്രിക്കുന്നത് ഈ നാഡികളാണ്. ഈ നാഡികൾ അതിശക്തമായി അമർത്തപ്പെടുകയും അവയുടെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഈ സിൻഡ്രോം.
രോഗകാരണങ്ങൾ
നട്ടെല്ലിലെ ഡിസ്കുകൾ പുറത്തേക്ക് തള്ളിവന്ന് നാഡികളിൽ സമ്മർദം ചെലുത്തുന്നതാണ് (Lumbar Disc Herniation) ഇതിന്റെ പ്രധാന കാരണം. കൂടാതെ നട്ടെല്ലിലെ നാഡീപാതകൾ ചുരുങ്ങുക (Spinal Stenosis), നട്ടെല്ലിലുണ്ടാകുന്ന മുഴകൾ, അണുബാധയെത്തുടർന്നുണ്ടാകുന്ന പഴുപ്പ്, നട്ടെല്ലിന് ഏൽക്കുന്ന ഗുരുതരമായ പരിക്കുകൾ, രക്തസ്രാവം എന്നിവയും ഈ രോഗാവസ്ഥയിലേക്ക് നയിക്കാം.
പ്രധാനപ്പെട്ട ഏഴ് മുന്നറിയിപ്പുകൾ
- നടുവേദന, പ്രത്യേകിച്ച് കാലുകളിലേക്ക് വ്യാപിക്കുന്ന വേദന.
- കാലുകളിൽ അനുഭവപ്പെടുന്ന ബലക്കുറവ്, മരവിപ്പ്, നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.
- മൂത്രമൊഴിച്ചു തുടങ്ങാനുള്ള പ്രയാസം, മൂത്രമൊഴിക്കുമ്പോഴുള്ള സ്വാഭാവിക അനുഭവം നഷ്ടപ്പെടുക.
- മൂത്രാശയം നിറഞ്ഞാലും അറിയാതെ പോവുക, മൂത്രമൊഴിച്ച ശേഷം പൂർണ്ണമായും ഒഴിഞ്ഞതായി തോന്നാതിരിക്കുക.
- മലമൂത്ര വിസർജ്ജനത്തിന്റെ നിയന്ത്രണം പൂർണമായും നഷ്ടപ്പെടുക.
- തുടകളുടെ ഉൾഭാഗം, ജനനേന്ദ്രിയങ്ങൾ, മലദ്വാരത്തിന് ചുറ്റുമുള്ള ഭാഗങ്ങളിൽ സ്പർശനശേഷി കുറയുക. ശുചിമുറിയിൽ ഉപയോഗിക്കുമ്പോൾ വെള്ളത്തിന്റെ സ്പർശം കൃത്യമായി അറിയാൻ കഴിയാത്തതും ഒരു ലക്ഷണമാണ്.
- ലൈംഗിക ശേഷിയിലോ അനുഭവങ്ങളിലോ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ.
ഈ ലക്ഷണങ്ങൾ എല്ലാം ഒരേസമയം പ്രത്യക്ഷപ്പെടണമെന്നില്ല. മൂത്രമൊഴിക്കാൻ തുടങ്ങാനുള്ള ചെറിയ ബുദ്ധിമുട്ട് പോലും ഗൗരവമായി കാണണം. നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുന്നത് വരെ കാത്തുനിൽക്കുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തും.
ലക്ഷണങ്ങൾ കണ്ടാൽ എന്തുചെയ്യണം?
ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ ആശുപത്രിയിലെ അടിയന്തര ചികിത്സാ വിഭാഗത്തിൽ (Emergency Department) ചികിത്സ തേടുക. കാലിലെ ബലക്കുറവ്, സ്വകാര്യ ഭാഗത്തെ മരവിപ്പ്, മൂത്രമൊഴിക്കാനുള്ള പുതിയ തടസ്സങ്ങൾ എന്നിവ ഡോക്ടറോട് വ്യക്തമായി തുറന്നു പറയുക. മുൻപ് ചെയ്ത എം.ആർ.ഐ (MRI) റിപ്പോർട്ടുകൾ സാധാരണമാണെങ്കിൽ പോലും പുതിയ ലക്ഷണങ്ങളെ അവഗണിക്കരുത്.
രോഗനിർണ്ണയവും ചികിത്സയും
നാഡീപരമായ പരിശോധനകൾക്കൊപ്പം നട്ടെല്ലിന്റെ അടിയന്തര എം.ആർ.ഐ സ്കാൻ പരിശോധനയാണ് ഇതിനായി ചെയ്യുന്നത്. രോഗം സ്ഥിരീകരിച്ചാൽ അടിയന്തര ശസ്ത്രക്രിയയിലൂടെ നാഡികളിലെ സമ്മർദം ഒഴിവാക്കുകയാണ് പതിവ്. നാഡികൾക്ക് ശാശ്വതമായി കേടുപാടുകൾ സംഭവിക്കുന്നത് ഒഴിവാക്കാൻ 24 മുതൽ 48 മണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ നടത്തേണ്ടത് അത്യാവശ്യമാണ്. നേരത്തെയുള്ള ഇടപെടലുകൾ മികച്ച ഫലം നൽകുന്നു.
ചികിത്സ വൈകിയാൽ എന്ത് സംഭവിക്കും?
ചികിത്സ വൈകുന്നത് സ്ഥിരമായ കാലുകളുടെ തളർച്ച, നടക്കാനുള്ള ശേഷിക്കുറവ്, മലമൂത്ര നിയന്ത്രണ നഷ്ടം, ലൈംഗിക തകരാറുകൾ എന്നിവയിലേക്ക് നയിക്കാം. ശസ്ത്രക്രിയയ്ക്ക് ശേഷവും പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാൻ ചിലപ്പോൾ ദീർഘകാല പുനരധിവാസം ആവശ്യമായി വന്നേക്കാം.
പ്രത്യേകം ശ്രദ്ധിക്കുക
നടുവേദനയോടൊപ്പം ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ മസാജ്, വേദനസംഹാരികൾ (Painkillers), വീട്ടു ചികിത്സകൾ എന്നിവയ്ക്ക് സമയം കളയരുത്. അടിയന്തര എം.ആർ.ഐ സൗകര്യമുള്ള ആശുപത്രിയിലെത്താൻ വൈകരുത്. ചെറിയൊരു മരവിപ്പോ മൂത്രമൊഴിക്കുന്നതിലെ നേരിയ മാറ്റമോ പോലും ഗുരുതരമായ മുന്നറിയിപ്പായിരിക്കാം. കൃത്യസമയത്തുള്ള ചികിത്സ ഒരുപക്ഷേ ജീവിതകാലം മുഴുവൻ നീണ്ടുനിന്നേക്കാവുന്ന വൈകല്യങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിച്ചേക്കാം.




