മെസ്സിയുടെ പേരിൽ തട്ടിപ്പ്: മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനം നൽകി നടത്തിയ വഞ്ചനയിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. അഴിമതി നിരോധന നിയമത്തിലെ സുപ്രധാനമായ നാല് വകുപ്പുകൾ പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ പത്തുവർഷം വരെ ജയിൽവാസം ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണിവ.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും, നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ കൈപ്പറ്റിയതിനും, പൊതുഖജനാവിലെ പണം വകമാറ്റിയതിനുമാണ് മുൻ മന്ത്രി അബ്ദുറഹിമാനെതിരെ കേസ് ചുമത്തിയിരിക്കുന്നത്. ഇദ്ദേഹത്തിനും മറ്റ് ഉദ്യോഗസ്ഥർക്കും എതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി നേരത്തെ തന്നെ ഗവർണറുടെ അനുമതി ലഭിച്ചിരുന്നു.
മുൻ കായിക മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി. സത്യപാലൻ, കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി എന്നിവരും അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണത്തെ നേരിടേണ്ടി വരും. അർജന്റീന ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേടുകൾ പരിശോധിക്കുന്ന എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (SIT) ഈ അഴിമതിക്കേസും വിശദമായി പരിശോധിക്കും.
അർജന്റീന ഫുട്ബോൾ ടീമിനെ എത്തിക്കുമെന്ന പേരിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ കളമശേരി പൊലീസ് തയ്യാറാക്കിയ എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ എസ്ഐടിയുടെ അന്വേഷണം ഊർജിതമായി മുന്നോട്ട് പോവുകയാണ്. ഈ കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഉടമ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയും, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർബിസി) രണ്ടാം പ്രതിയുമാണ്.




