വനിതാ പൊലീസിനെ ആക്രമിച്ച യുവാവിനെ പിടികൂടി; സ്റ്റേഷനിൽ വെച്ച് പൊട്ടിക്കരച്ചിൽ

തൃശൂർ വടക്കേ സ്റ്റാൻഡിൽ വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരെ മർദിച്ച കേസിൽ യുവാവ് പിടിയിലായി. വരന്തരപ്പിള്ളി സ്വദേശിയായ ഹരിഗോവിന്ദ് (25) ആണ് പിടിയിലായത്. ബസ് ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ട പ്രതിയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ട്രാഫിക് പൊലീസുകാരനായ പ്രവീണിന് നേരെ ആക്രമണമുണ്ടായത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്താൻ ശ്രമിച്ച വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥയെയും ഇയാൾ കൈയേറ്റം ചെയ്തു.
തലയ്ക്ക് സാരമായി പരിക്കേറ്റ പ്രവീണിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ശേഷവും അക്രമാസക്തനായി പെരുമാറിയ ഹരിഗോവിന്ദ്, പിന്നീട് ചോദ്യം ചെയ്യലിനിടെ പൊലീസിന് മുന്നിൽ വെച്ച് പൊട്ടിക്കരയുകയായിരുന്നു. അക്രമത്തിന്റെ ദൃശ്യങ്ങളും അറസ്റ്റും പ്രതിയുടെ കരച്ചിലുമെല്ലാം ഉൾപ്പെടുത്തി കേരള പൊലീസ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ‘കരയാതെ കണ്ണുറങ്ങ്’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.




