ആൻഡ്രോയിഡിന്റെ ഈ പതിപ്പിന് താഴെയുള്ള ഫോണുകളുടെ വിവരങ്ങൾ ഏത് നിമിഷവും ചോർന്നേക്കാം; സുരക്ഷാ മുന്നറിയിപ്പ്

ആൻഡ്രോയിഡ് 12 പതിപ്പിനും അതിന് താഴെ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണുകൾക്കും ഇനിമുതൽ സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കില്ലെന്ന് ഗൂഗിളിന്റെ സ്ഥിരീരകണം. ലോകമെമ്പാടുമുള്ള ഏകദേശം 42.1ശതമാനം ആൻഡ്രോയിഡ് ഫോണുകളെ ഇത് ബാധിച്ചേക്കും. അതായത്, ഏകദേശം ഒരു ബില്യൺ (100 കോടി) ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഇതിനെതുടർന്ന് സൈബർ ആക്രമണങ്ങൾക്ക് വിധേയമായേക്കാം.
57.9ശതമാനം ആളുകൾ മാത്രമാണ് ആൻഡ്രോയിഡ് 13ഉം അതിന് മുകളിലുള്ള പതിപ്പുകളും ഉപയോഗിക്കുന്നത്. ബാക്കിയുള്ളവർ ഉപയോഗിക്കുന്ന പഴയ പതിപ്പുകൾക്ക് പുതിയ വൈറസുകളെയോ ഹാക്കിംഗ് ശ്രമങ്ങളെയോ പ്രതിരോധിക്കാനുള്ള ശേഷിയില്ല. അതേസമയം, ആപ്പിൾ തങ്ങളുടെ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും നേരിട്ട് നിയന്ത്രിക്കുന്നതിനാൽ പഴയ ഐഫോണുകൾക്ക് പോലും കൃത്യമായി അപ്‌ഡേറ്റുകൾ ലഭിക്കുന്നുണ്ട്.
എന്നാൽ ആൻഡ്രോയിഡിൽ ഗൂഗിൾ സോഫ്റ്റ്‌വെയർ നൽകിയാലും സാംസംഗ്, ഷവോമി, മോട്ടോറോള തുടങ്ങിയ കമ്പനികൾ അവരുടെ ഫോണുകൾക്ക് അപ്‌ഡേറ്റ് നൽകാൻ വൈകുകയോ പാതിവഴിയിൽ അവ നിർത്തുകയോ ചെയ്യുന്നുണ്ട്. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
നിങ്ങളുടെ ഫോൺ സുരക്ഷിതമാണോ എന്ന് പരിശോധിക്കാൻ ഫോണിലെ സെറ്റിംഗ്‌സ് തുറക്കുക. എബൗട്ട് ഫോൺ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ആൻഡ്രോയിഡ് വെർഷൻ പരിശോധിക്കുക. നിങ്ങളുടെ ഫോൺ ആൻഡ്രോയിഡ് 12ലോ അതിന് താഴെയോ ആണെങ്കിൽ, പുതിയ അപ്‌ഡേറ്റ് ലഭ്യമല്ലെങ്കിൽ ഫോൺ സൈബർ ആക്രമണങ്ങൾക്ക് വിധേയമാകാനുള്ള സാദ്ധ്യതയുണ്ടെന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
സിസ്റ്റം അപ്‌ഡേറ്റുകൾ ലഭിക്കാത്ത ഫോണുകളിൽ ബാങ്കിംഗ് ആപ്പുകളിലെ വിവരങ്ങൾ ചോർത്തപ്പെടാം. പാസ്‌വേഡുകളും മെസേജുകളും ഹാക്കർമാർക്ക് ലഭിക്കും. ഫോണിലെ ഒടിപി ഉൾപ്പെടെയുള്ളവ കൈക്കലാക്കി അക്കൗണ്ടുകൾ കാലിയാക്കാനും സാധിക്കും. പഴയ ഫോണുകൾ ഉപയോഗിക്കുന്നത് വലിയ വെല്ലുവിളി ആണെന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്. ഉയർന്ന വിലയുള്ള ഫ്ളാഗ്ഷിപ്പ് ഫോണുകൾ തന്നെ വാങ്ങണമെന്നില്ല, പകരം ആൻഡ്രോയിഡ് 13ന് മുകളിൽ സപ്പോർട്ട് ചെയ്യുന്ന മിഡ്‌റേഞ്ച് ഫോണിലേക്കെങ്കിലും മാറാനാണ് ഗൂഗിൾ ഉപയോക്താക്കളോട് ശുപാർശ ചെയ്യുന്നത്.
Source link



