ഇറാൻ-ഇസ്രായേൽ സംഘർഷം: അതിരുകൾ പുനർനിർവചിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ ∙ അമേരിക്കയുമായി തുടരുന്ന തർക്കങ്ങളും സമാധാന ചർച്ചകളിലെ അവ്യക്തതയും കണക്കിലെടുത്ത്, ‘യുദ്ധവുമില്ല സമാധാനവുമില്ല’ എന്ന മട്ടിൽ ഇനിയും മുന്നോട്ടുപോകാൻ ഇറാൻ തയ്യാറല്ലെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി. അമേരിക്കൻ ഭരണകൂടം ഇനിയെങ്കിലും തെറ്റായ വിലയിരുത്തലുകളിൽ നിന്ന് പിന്തിരിയണമെന്നും, എന്തെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാൽ അതിനുള്ള തിരിച്ചടി ഏത് രീതിയിലായിരിക്കണമെന്ന് തീരുമാനിക്കുന്നത് ഇറാന്റെ സായുധ സേനയായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാനിലെ പ്രധാന നയതന്ത്ര പ്രതിനിധി കൂടിയായ ഗാലിബാഫിന്റെ വാക്കുകൾ മെഹർ വാർത്താ ഏജൻസിയാണ് പുറത്തുവിട്ടത്.
‘‘അമേരിക്ക യുദ്ധത്തെയാണോ അതോ ചർച്ചകളെയാണോ സമീപിക്കാൻ ആഗ്രഹിക്കുന്നത് എന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ കാര്യമല്ല. ഞങ്ങളുടെ ന്യായമായ ഏഴ് നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറാണെങ്കിൽ മാത്രം ചർച്ചകൾക്കായി വാതിൽ തുറന്നിട്ടിട്ടുണ്ട്’’ – മുഹമ്മദ് ബാഗർ ഗാലിബാഫ് പറഞ്ഞു. അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് നടത്തിയ പരാമർശങ്ങളെ നയതന്ത്രജ്ഞതയില്ലാത്ത അർത്ഥശൂന്യമായ പ്രതികരണമായി വിശേഷിപ്പിച്ച ഗാലിബാഫ്, അവ പൂർണമായും തള്ളിക്കളയുകയാണെന്നും കൂട്ടിച്ചേർത്തു.




