കോളജിലെ സൗഹൃദത്തിന്റെ പേരിൽ നഴ്സിങ് വിദ്യാർഥിക്ക് മർദനം: ഒരാൾ അറസ്റ്റിൽ

ചവറയിൽ സീനിയർ വിദ്യാർഥിനിയുമായി സൗഹൃദം സ്ഥാപിച്ചെന്നാരോപിച്ച് നഴ്സിങ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഒരാൾ പിടിയിലായി. ചവറ മടപ്പള്ളി തറയിൽ പുത്തൻവീട്ടിൽ കണ്ണൻ പ്രമോദ് (28) ആണ് പോലീസിന്റെ പിടിയിലായത്. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ കൊല്ലം കണ്ണനല്ലൂർ തഴുത്തല കക്കാക്കുന്നിൽ ചരുവിള വീട്ടിൽ ഷോൺ ആർ. ജോസഫിനെ (19) കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷോണിന്റെ വാരിയെല്ലിന് സാരമായ പരുക്കുകളുണ്ട്.
പടപ്പനാലിലെ സ്വകാര്യ നഴ്സിങ് കോളജിലെ വിദ്യാർഥിയാണ് ഷോൺ. ഇദ്ദേഹം ഒരു സീനിയർ വിദ്യാർഥിനിയുമായി സൗഹൃദത്തിൽ ഏർപ്പെട്ട വിവരം മറ്റൊരാൾ വഴി തേവലക്കര പുത്തൻസങ്കേതം സ്വദേശി മിഥുൻ മനോഹർ അറിയുകയായിരുന്നു. തുടർന്ന് മിഥുന്റെ നിർദേശപ്രകാരം പ്രമോദും അഖിലും ചേർന്ന് ഷോണിനെ ആക്രമിക്കാൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ 31-ാം തീയതി വൈകുന്നേരം 4.10-ഓടെ കോളജ് വിട്ട് പുറത്തിറങ്ങിയ ഷോൺ, തേവലക്കര പടപ്പനാലിലെ തട്ടുകടയിൽ വെള്ളം വാങ്ങാനെത്തിയ സമയം അക്രമിസംഘം തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നു. അസഭ്യം വിളിച്ചുകൊണ്ട് മുഖത്തും പുറത്തും മർദിച്ച അക്രമികൾ, ഷോൺ താഴെ വീണതിനുശേഷവും ക്രൂരമായി ചവിട്ടുകയായിരുന്നു.




