വില്പനയിൽ വൻനഷ്ടം: കമ്പനി നേടിയത് 30,106 കോടി രൂപയുടെ ലാഭം

പ്രതീകാത്മക ചിത്രം
കൊച്ചി: ഇന്ധന വില്‍പ്പനയില്‍ പ്രതിസന്ധികള്‍ തുടരുമ്പോഴും പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് രണ്ടാം പാദത്തില്‍ മികച്ച സാമ്പത്തിക നേട്ടം. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് (ഐ.ഒ.സി), ഭാരത് പെട്രോളിയം (ബി.പി.സി.എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്.പി.സി.എല്‍) എന്നിവയുടെ സംയുക്ത അറ്റാദായം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 30,106 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ 68.3 ശതമാനത്തിന്റെ വര്‍ധനവാണിത്. തൊട്ടുമുമ്പുള്ള പാദത്തില്‍ 18,150 കോടി രൂപയുടെ നഷ്ടം നേരിട്ട സ്ഥാനത്താണ് കമ്പനികള്‍ ഈ വമ്പന്‍ കുതിപ്പ് നടത്തിയിരിക്കുന്നത്.
റിഫൈനിംഗ് രംഗത്തെ ഉയര്‍ന്ന ലാഭവിഹിതവും കൈവശമുള്ള എണ്ണശേഖരത്തിന്റെ മൂല്യത്തിലുണ്ടായ വര്‍ധനവുമാണ് ഈ നേട്ടത്തിന് പ്രധാന കാരണമായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ മൂന്ന് കമ്പനികളും കൂടി നേടിയ 77,281 കോടി രൂപയുടെ വാര്‍ഷിക ലാഭത്തിന്റെ ഏകദേശം 39 ശതമാനം വിഹിതം വെറും ഒരു പാദത്തിനുള്ളില്‍ കൈവരിക്കാന്‍ ഇവര്‍ക്ക് സാധിച്ചു.
ലാഭത്തിന്റെ കാര്യത്തില്‍ ഐ.ഒ.സിയാണ് പട്ടികയില്‍ ഒന്നാമത്. കമ്പനിയുടെ അറ്റാദായം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 21,630 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7,610 കോടി രൂപയായിരുന്നു. അതേസമയം, ബി.പി.സി.എല്ലിന്റെ ലാഭത്തില്‍ 22.5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി 4,993 കോടി രൂപയായും, എച്ച്.പി.സി.എല്ലിന്റേത് ഒമ്പത് ശതമാനം കുറഞ്ഞ് 3,483 കോടി രൂപയായും മാറി.
67,900 കോടിയുടെ അണ്ടര്‍ റിക്കവറി
പെട്രോൾ, ഡീസൽ വിലകളില്‍ കാര്യമായ മാറ്റം വരുത്താത്തത് മൂലം വില്‍പ്പനയിലുണ്ടാകുന്ന നഷ്ടവും പാചകവാതക സബ്സിഡി ഇനത്തിലുള്ള കുടിശികയും കമ്പനികള്‍ക്ക് വലിയ ബാധ്യതയാകുന്നുണ്ട്. സെപ്റ്റംബര്‍ അവസാനിച്ചപ്പോഴേക്കും മൂന്ന് കമ്പനികളുടെയും ഇന്ധന വില്‍പ്പനയിലെ അണ്ടര്‍ റിക്കവറി 67,900 കോടി രൂപയായി ഉയര്‍ന്നു. ഇതില്‍ ഐ.ഒ.സിയുടെ മാത്രം വിഹിതം 32,506 കോടി രൂപയാണ്. ബി.പി.സി.എല്ലിന് 17,334 കോടി രൂപയും എച്ച്.പി.സി.എല്ലിന് 18,049 കോടി രൂപയുമാണ് ഇനിയും ലഭിക്കാനുള്ളത്. പാചകവാതക വില്‍പ്പനയിലെ നഷ്ടം സെപ്റ്റംബറില്‍ ഒരു സിലിണ്ടറിന് 184 രൂപയായിരുന്നത് ഒക്ടോബറില്‍ 229 രൂപയായി വര്‍ധിച്ചു.




