NEWS

ആ ഹാപ്പി ബര്‍ത്ഡേ ആഘോഷം ഇങ്ങനെയായിരുന്നു

വടക്കുനിന്നും തെക്കുനിന്നും ദീപശിഖകൾ കൈമാറിയെത്തിച്ച കാഴ്ച ആ ഐക്യത്തിന്റെ നേർചിത്രമായിരുന്നു. എഴുപതു വർഷങ്ങൾക്കു മുൻപ്, 1956 നവംബർ ഒന്നിന് തിരുവിതാംകൂർ-കൊച്ചി ഭാഗങ്ങളോട് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മലബാർ ജില്ലയെ കൂട്ടിച്ചേർത്ത് മലയാളികളുടെ സ്വന്തം സംസ്ഥാനം രൂപംകൊണ്ടതിന്റെ പ്രഭ ചൊരിയുന്ന അടയാളങ്ങളായിരുന്നു ആ ദീപങ്ങൾ. ഒരുകാലത്ത് വിഭജിച്ചു കിടന്ന വിവിധ നാട്ടുരാജ്യങ്ങളെ കോർത്തിണക്കി, മലയാളം സംസാരിക്കുന്നവരുടെ മാത്രം ഒരു ഏകീകൃത സംസ്ഥാനമായി കേരളം ഉദയം ചെയ്തത് തിരുവനന്തപുരത്തുവെച്ചാണ്. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലും പരിസരത്തുമായി അരങ്ങേറിയ ആ ചരിത്രമുഹൂർത്തങ്ങൾക്ക് തികച്ചും കൗതുകകരമായ ഭാവങ്ങളുണ്ടായിരുന്നു.

നവംബർ ഒന്ന്, വ്യാഴാഴ്ച കേരളം പിറക്കുമ്പോൾ തിരു-കൊച്ചിയിൽ നിലനിന്നിരുന്നത് രാഷ്ട്രപതി ഭരണമായിരുന്നു. സംസ്ഥാനപ്പിറവിയുടെ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനായി എത്തിയ വിശിഷ്ട വ്യക്തികൾ രാവിലെ എട്ടേ പത്തിന് മുൻപേ തന്നെ ദർബാർ ഹാളിൽ സ്ഥാനം പിടിച്ചിരുന്നു. മുൻ തിരു-കൊച്ചി മുഖ്യമന്ത്രിമാരായ എ.ജെ. ജോൺ, പറവൂർ ടി.കെ. നാരായണപിള്ള, പനമ്പിള്ളി ഗോവിന്ദമേനോൻ, കെപിസിസി പ്രസിഡന്റ് കെ. മാധവമേനോൻ, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.പി. മാധവൻനായർ, എ.വി. കുട്ടിമാളുഅമ്മ, എ.പി. ഉദയഭാനു, കെ.എ. ദാമോദരമേനോൻ, ലീലാ ദാമോദരമേനോൻ, മലയാള മനോരമ ചീഫ് എഡിറ്റർ കെ.എം. ചെറിയാൻ, തിരുവനന്തപുരം ആർച്ച്ബിഷപ്പ് ഡോ. ഡെരീര, തിരുവനന്തപുരം മേയർ പൊന്നറ ശ്രീധർ തുടങ്ങിയ പ്രമുഖരെല്ലാം ആ സദസ്സിലുണ്ടായിരുന്നു. എന്നാൽ, മുൻ മുഖ്യമന്ത്രിമാരായ പട്ടം താണുപിള്ളയും സി. കേശവനും, അതുപോലെ തിരുവിതാംകൂർ മഹാരാജാവ് ചിത്തിര തിരുനാൾ ബാലരാമവർമയും ആ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.

മലബാറിന്റെ അനൗദ്യോഗിക തലസ്ഥാനമായ കോഴിക്കോട്ടും അതേ സമയം മറ്റൊരു ദീപശിഖയുടെ പ്രതീകാത്മക വെളിച്ചത്തിൽ കേരളപ്പിറവി ആഘോഷിക്കപ്പെട്ടു. ഒക്ടോബർ 30-ന് തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം സജ്ജമാക്കിയ നിലവിളക്കിൽ നിന്ന് മേയർ പൊന്നറ ശ്രീധർ തെളിയിച്ചു നൽകിയ ആ സൗഹൃദ ദീപം റിലേയായാണ് കോഴിക്കോട്ടേക്ക് എത്തിയത്. തിരുവനന്തപുരത്തെ വിമൻസ് കോളജ് വിദ്യാർത്ഥിയായ ഐവോൺ എഡ്മൺഡ്സിൽ നിന്ന് ആരംഭിച്ച ആ ദീപയാത്രയുടെ അവസാന കണ്ണിയായി കോഴിക്കോട് പ്രോവിഡൻസ് കോളജിലെ പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ പി.കെ. ദേവി മാറി. കേരളപ്പിറവി പൊതുസമ്മേളനം നടന്ന മാനാഞ്ചിറ മൈതാനത്തേക്ക് ദേവി ഓടിയെത്തിച്ച ആ ദീപശിഖ മലബാർ കലക്ടർ പി.കെ. നമ്പ്യാർ ഏറ്റുവാങ്ങുകയും തുടർന്ന് ദേശീയ പതാക ഉയർത്തുകയും ചെയ്തതോടെ ഐക്യകേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. പതിനെട്ട് ആചാരവെടികളുടെ അകമ്പടിയോടെ നടന്ന ആ ചടങ്ങ് ഉദ്ഘാടനം ചെയ്തത് കേന്ദ്രമന്ത്രി വി.കെ. കൃഷ്ണമേനോനായിരുന്നു; സാമൂതിരി രാജാവായിരുന്നു ആ സമ്മേളനത്തിന്റെ അധ്യക്ഷൻ.

Fashion ⏭️

Back to top button