കോട്ടയത്ത് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

കോട്ടയം: മുണ്ടക്കയം ദേശീയപാത 183-ൽ ചോറ്റി ജംഗ്ഷന് സമീപം ഏഴ് വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിച്ച് വൻ അപകടം. ഞായറാഴ്ച രാവിലെ ഏകദേശം 8.15-ഓടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. അപകടത്തിൽ യാത്രക്കാരും വഴിപോക്കരുമുൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റു.
അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിൽ വന്ന കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ തൊട്ടുപിന്നാലെ വന്ന മറ്റ് വാഹനങ്ങളും പരസ്പരം ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.
അപകടത്തിൽ പരിക്കേറ്റവരിൽ എട്ടുപേരെ ഇരുപത്താറാം മൈലിലെ മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിലും, മൂന്നുപേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരുടെയും നില ഗുരുതരമല്ലെന്നുമാണ് ലഭ്യമാകുന്ന വിവരം.




