NEWS

മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണം: കെഎസ്‌യു പങ്കില്ലെന്ന് എസ്‌ഐടി റിപ്പോർട്ട്; ഡിജിപിക്ക് കൈമാറി

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കെഎസ്‌യു പ്രതിഷേധം, വീണാ ജോർജ് ( കേരളകൗമുദി ഫയൽ ചിത്രം)

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ നടന്ന പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവർത്തകർ അക്രമം നടത്തിയിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണ റിപ്പോർട്ട് എസ്‌ഐടി തലവൻ യു. പ്രേമൻ ഡിജിപിക്ക് സമർപ്പിച്ചു. പ്രതിഷേധക്കാർക്ക് മന്ത്രിയുടെ അടുത്തേക്ക് എത്താൻ സാധിച്ചിട്ടില്ലെന്നും, റെയിൽവേ സ്റ്റേഷനിൽ അരങ്ങേറിയത് നേരിയ ഉന്തും തള്ളും മാത്രമാണെന്നും റിപ്പോർട്ടിൽ എടുത്തുപറയുന്നു.

റെയിൽവേ സ്റ്റേഷനിൽ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവർത്തകർ തന്നെ ആക്രമിച്ചുവെന്ന് കണ്ടതായാണ് മന്ത്രിയുടെ ഗൺമാനായ അഭിലാഷ് ആദ്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നത്. എന്നാൽ, പിൽക്കാലത്ത് ഈ മൊഴി തിരുത്തിക്കൊണ്ട് താൻ അക്രമം നേരിട്ട് കണ്ടിട്ടില്ലെന്നും മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അത്തരമൊരു മൊഴി നൽകിയതെന്നും ഇയാൾ വെളിപ്പെടുത്തി. ഈ കാര്യങ്ങളും പുതിയ അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൊഴി മാറ്റിയ ഗൺമാനെതിരെ എന്ത് നടപടി സ്വീകരിക്കണം എന്നത് ഡിജിപിക്ക് തീരുമാനിക്കാമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.

2024 ഫെബ്രുവരി 25-നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റെന്നാരോപിച്ച് വധശ്രമത്തിന് അടക്കമുള്ള വകുപ്പുകൾ ചേർത്ത് റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് എം.സി. അതുൽ, വി.വി. അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച്. മുബാസ്, അഹമ്മദ് യാസിൻ എന്നിവരെ പ്രതിചേർക്കുകയും ചെയ്തിരുന്നു. തുടർന്ന് 16 ദിവസം കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞശേഷമാണ് ഇവർക്ക് ജാമ്യം ലഭിച്ചത്.

RELATED TOPICS: ATTACK AGAINST VEENA GEORGE, CASE AGAINST KSU, KSU PROTEST KANNUR

Sports ⏭️

Read News ⏭️

Back to top button