എരൂർ കണിയാമ്പുഴയിൽ അർദ്ധരാത്രി നിഗൂഢ സംഘം; വീടുകളിലും സിസിടിവികളിലും പരിശോധനയെന്ന് നാട്ടുകാർ

തൃപ്പൂണിത്തുറ എരൂർ കണിയാമ്പുഴ ഭാഗത്ത് രാത്രികാലങ്ങളിൽ അപരിചിതരായ ചിലർ സംശയാസ്പദമായ രീതിയിൽ കറങ്ങി നടക്കുന്നത് പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കുന്നു. വീടുകളും അവിടെ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളും കേന്ദ്രീകരിച്ച് ഇവർ നടത്തുന്ന നിരീക്ഷണം നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
കണിയാമ്പുഴ നാരായണാശാൻ റോഡിനു സമീപത്തെ ചില വീടുകളിൽ ഘടിപ്പിച്ച സിസിടിവികളിൽ കഴിഞ്ഞ ദിവസം പുലർച്ചെ ഇവർ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ക്യാമറകൾ സ്ഥാപിച്ചിരിക്കുന്ന വീടുകൾക്ക് മുന്നിലെത്തുമ്പോൾ, തങ്ങളുടെ ശ്രദ്ധ ക്യാമറകളിലേക്കാണെന്ന് പരസ്പരം ചൂണ്ടിക്കാണിക്കുകയും ആ ഭാഗത്തേക്ക് സൂക്ഷ്മമായി നോക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഹിന്ദി ഭാഷയിലാണ് ഇവർ സംസാരിക്കുന്നത്.
മോഷണം പോലുള്ള അനിഷ്ട സംഭവങ്ങൾ നടത്തുന്നതിന് മുന്നോടിയായി വീടുകളിലെ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്താനാണോ ഈ സംഘത്തിന്റെ വരവെന്നാണ് നാട്ടുകാരുടെ പ്രധാന ആശങ്ക. തങ്ങളുടെ വീടുകൾ ഇവർ നിരീക്ഷണത്തിലാക്കിയിട്ടുണ്ടോ എന്ന ഭീതിയിലാണ് ഇപ്പോൾ പ്രദേശവാസികൾ.




