കെ-ടെറ്റ് യോഗ്യതയില്ലാത്ത എയ്ഡഡ് സ്കൂൾ അദ്ധ്യാപകരെ പിരിച്ചുവിടാൻ നടപടി: സ്ഥാനക്കയറ്റവും റദ്ദാക്കും

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കെ-ടെറ്റ് (K-TET) യോഗ്യതയില്ലാതെ എയ്ഡഡ് സ്കൂളുകളിൽ സേവനമനുഷ്ഠിക്കുന്ന മുഴുവൻ അദ്ധ്യാപകരെയും പിരിച്ചുവിടാൻ സർക്കാർ കർശന നിർദ്ദേശം നൽകി. 2025 സെപ്റ്റംബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇതേ തീയതി മുതൽ കെ-ടെറ്റ് ഇല്ലാതെ സ്ഥാനക്കയറ്റം ലഭിച്ച അദ്ധ്യാപകരെ അവരുടെ പഴയ തസ്തികകളിലേക്ക് തിരികെ നിയമിക്കാനും സ്കൂൾ മാനേജർമാർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
2025 സെപ്റ്റംബർ 1-ലെ സുപ്രീം കോടതി വിധിയുടെയും അതുമായി ബന്ധപ്പെട്ട അപ്പീലുകളിലെ ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ. വിജയൻ പുറപ്പെടുവിച്ച പുതിയ സർക്കുലറിലാണ് നിർണ്ണായക തീരുമാനങ്ങൾ ഉള്ളത്. ഇതുവരെ അദ്ധ്യാപകർക്ക് നൽകിപ്പോന്ന കെ-ടെറ്റ് ഇളവുകൾ പൂർണ്ണമായും റദ്ദാക്കി. ഇനിമുതൽ കെ-ടെറ്റ് യോഗ്യതയില്ലാത്തവർക്ക് നിയമനം ലഭിക്കില്ലെന്ന് മാത്രമല്ല, സ്ഥാനക്കയറ്റങ്ങൾക്കും അർഹതയുണ്ടാവില്ല. തങ്ങളുടെ നിലവിലെ തസ്തികയ്ക്ക് ആവശ്യമായ കെ-ടെറ്റ് യോഗ്യത നേടിയാൽ മാത്രമേ സ്ഥാനക്കയറ്റത്തിന് പരിഗണിക്കപ്പെടുകയുള്ളൂ. എന്നാൽ, പി.എസ്.സി വഴി നിയമന ശുപാർശ ലഭിച്ചവർക്ക് കെ-ടെറ്റ് ഇല്ലെങ്കിലും താൽക്കാലികമായി നിയമനം നൽകാവുന്നതാണ്. ഇവർ നിശ്ചിത സമയപരിധിക്കുള്ളിൽ കെ-ടെറ്റ് പാസാകണം; അല്ലാത്തപക്ഷം സർവീസിൽ നിന്ന് പുറത്താകും. ഇവർ പരീക്ഷ പാസായാൽ അവരുടെ സീനിയോറിറ്റി ക്രമീകരിച്ച് നൽകുന്നതാണ്.
2025 സെപ്റ്റംബർ 1-ന് മുൻപായി ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്തിട്ടും കെ-ടെറ്റ് ഇല്ലാത്തതിന്റെ പേരിൽ ശമ്പളം നിഷേധിക്കപ്പെട്ട അദ്ധ്യാപകർക്ക് കുടിശ്ശിക നൽകാൻ ഉത്തരവിൽ പറയുന്നു. കെ-ടെറ്റിന് സമാന യോഗ്യത കൈവശമുള്ളവർക്ക് 2025 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലെ ശമ്പളം ലഭിക്കാൻ അർഹതയുണ്ട്. കെ-ടെറ്റ് ഇല്ലെന്ന കാരണത്താൽ മുൻപ് നിയമന അംഗീകാരം ലഭിച്ചവരുടെ ഗ്രേഡും ഇൻക്രിമെന്റും തടഞ്ഞുവെക്കാൻ പാടില്ല. കൂടാതെ, കെ-ടെറ്റ് ഇല്ലാതെ പ്രധാനാധ്യാപകരായി സ്ഥാനക്കയറ്റം ലഭിച്ചവരിൽ പിന്നീട് യോഗ്യത നേടിയവർക്ക് നിയമന അംഗീകാരം അനുവദിക്കണം. വിരമിച്ചവരാണെങ്കിൽ പോലും ഇതേ ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്.
ഇത്തരം മാനദണ്ഡങ്ങൾ പാലിക്കുന്നതും എന്നാൽ മുൻപ് നിരസിക്കപ്പെട്ടതുമായ എല്ലാ നിയമന അംഗീകാര അപേക്ഷകളും പുനഃപരിശോധിച്ച് അടിയന്തരമായി അംഗീകാരം നൽകണമെന്ന് അപ്പലേറ്റ് ഉത്തരവുകൾക്ക് കാത്തുനിൽക്കാതെ തന്നെ സ്കൂൾ അധികൃതർ നടപടിയെടുക്കണമെന്നും സർക്കുലർ വ്യക്തമാക്കി.




