ദൂരദർശൻ പാട്ടുകളിലൂടെ താളബോധം നേടിയ ചഞ്ചൽ: തബല കലാകാരന്റെ അസാധാരണ ജീവിതയാത്ര

ചഞ്ചൽ പറമ്പത്ത്
കോഴിക്കോട്: കലയെന്നത് ആത്മാവിൽ നിന്നുമുദിക്കുന്ന ഒരാവിഷ്കാരമാണ്. സംഗീതമായാലും നൃത്തമായാലും ചിത്രകലയായാലും അവയെ ആസ്വദിക്കാൻ ഭാഷയുടെ അതിർവരമ്പുകളില്ല. ഹൃദയം കൊണ്ട് അനുഭവിക്കാൻ കഴിയുന്ന ഒന്നാണത്. അതുകൊണ്ടുതന്നെയാണ് ലോകത്തെവിടെയുമുള്ള മനുഷ്യർ സംഗീതത്തെ ഒരേപോലെ നെഞ്ചിലേറ്റുന്നത്.
ബാല്യത്തിൽ ടെലിവിഷനിലെ ഗാനമേളകൾ കേട്ട് മനസ്സിലുറച്ച താളബോധത്തെ തബലയിലൂടെ ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു പ്രതിഭയുണ്ട് കോഴിക്കോട് തലക്കളത്തൂർ എന്ന ഗ്രാമത്തിൽ. ഇരുപത്തിയേഴുകാരനായ ചഞ്ചലിന്റെ കാഴ്ചകൾക്ക് മങ്ങലേറ്റിട്ടുണ്ടാകാം, എന്നാൽ സംഗീതത്തിന്റെ ലോകത്ത് അവൻ തീർത്തും കാഴ്ചയുള്ളവനാണ്.
ചിത്രഗീതം നൽകിയ താളബോധം
ദൂരദർശനിലെ ‘ചിത്രഗീതം’ പോലുള്ള പരിപാടികളാണ് ചഞ്ചലിന്റെ മനസ്സിൽ സംഗീതത്തിന്റെ ഈടുവെപ്പ് നടത്തിയത്. പാട്ടുകൾ കേൾക്കുമ്പോൾ അറിയാതെ തന്നെ താളങ്ങളോട് അവന് പ്രിയം തോന്നിത്തുടങ്ങി. തബലയോടുള്ള അഭിനിവേശം വളർന്നത് അങ്ങനെയാണ്. കാഴ്ചയില്ലാത്ത തനിക്ക് തബലയുടെ സങ്കീർണ്ണമായ താളങ്ങൾ എങ്ങനെ വശത്താക്കാൻ കഴിയുമെന്ന ആശങ്ക തുടക്കത്തിൽ ഉണ്ടായിരുന്നു. എന്നാൽ ശിവദാസ് ചേമഞ്ചേരി എന്ന ഗുരുനാഥൻ ചഞ്ചലിന് താങ്ങായി ഒപ്പമെത്തി.
ഏഴാം ക്ളാസ് മുതൽ തുടങ്ങിയ സംഗീതയാത്ര
യേശുദാസിനെയും കെ.എസ്. ചിത്രയെയും പോലുള്ള പ്രമുഖ ഗായകർക്കൊപ്പം പ്രവർത്തിച്ച അനുഭവസമ്പത്തുള്ളയാളാണ് ശിവദാസ് മാസ്റ്റർ. അതീവ ക്ഷമയോടെ അദ്ദേഹം ചഞ്ചലിനെ തബലയുടെ ലോകത്തേക്ക് കൈപിടിച്ചു നടത്തി. അങ്ങനെ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ ചഞ്ചൽ തബല അഭ്യസിച്ചു തുടങ്ങി. കേരള കലാക്ഷേത്രയിൽ ആഴ്ചയിലൊരിക്കൽ വീതം മാസത്തിൽ നാല് ക്ലാസുകളിലായി പത്തുവർഷത്തോളം അദ്ദേഹം പരിശീലനം തുടർന്നു.
ഗാനമേളകളും ഭജൻസും
വിവിധ വേദികളിൽ ഗാനമേളകൾക്കും ഭജൻസ് പരിപാടികൾക്കും തബല വായിക്കാൻ ചഞ്ചൽ എത്താറുണ്ട്. തബലയെ പ്രധാനാധാരമാക്കിയൊരു മ്യൂസിക് ബാൻഡ് തുടങ്ങണമെന്നത് ചഞ്ചലിന്റെ വലിയൊരു സ്വപ്നമാണ്. ‘നന്ദഗോവിന്ദം’ പോലുള്ള ഭജൻ ട്രൂപ്പുകൾക്ക് ലഭിക്കുന്ന സ്വീകാര്യത തന്നെ അതിന് തെളിവാണ്. പാട്ടിനൊപ്പം തബലയുടെ താളം കൂടി ചേരുമ്പോഴാണ് അതൊരു പൂർണ്ണമായ സംഗീത അനുഭവമായി മാറുന്നതെന്ന് ചഞ്ചൽ ഉറച്ചു വിശ്വസിക്കുന്നു.
പുരസ്കാരങ്ങളും അവാർഡുകളും
കൊച്ചുപ്രായത്തിൽ തന്നെ തബല പഠനം ആരംഭിച്ചതുകൊണ്ട് സ്കൂൾ കലോത്സവങ്ങളിൽ ചഞ്ചൽ തിളങ്ങി. തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ സംഗീതാധ്യാപകൻ അനീഷ് മാഷാണ് ചഞ്ചലിനെ വലിയ വേദികളിലേക്ക് കൈപിടിച്ചുയർത്തിയത്. ഒരു ഓഡിഷനിലൂടെ ഗാനമേളകളിൽ തബല വായിക്കാൻ അവസരം ലഭിച്ചു. പ്ലസ് ടു കാലഘട്ടത്തിൽ തബല വായനയിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ചഞ്ചലിന് സാധിച്ചു. നാടൻപാട്ട് വിഭാഗത്തിൽ തബല വായിച്ച് ഡൽഹിയിൽ നിന്ന് കേന്ദ്ര സർക്കാരിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. വൈകല്യങ്ങളെക്കാൾ വലിയൊരു പ്രതിസന്ധി കലാകാരന് ലഭിക്കേണ്ട പ്രോത്സാഹനങ്ങളുടെ കുറവാണെന്ന് ചഞ്ചൽ കരുതുന്നു. പിതാവ് ചന്തുക്കുട്ടിയും മാതാവ് ഷീജയും സഹോദരി ചിഞ്ചിതയും നൽകുന്ന അകമഴിഞ്ഞ പിന്തുണയാണ് തന്റെ കരുത്ത്.
മീഞ്ചന്ത ഗവൺമെന്റ് ആർട്സ് കോളേജിൽ ബി.എ മലയാളത്തിന് പഠിക്കുന്ന കാലത്ത് കലാപരമായ വലിയ നേട്ടങ്ങൾ കൊയ്യാനാകുമെന്ന് കരുതിയെങ്കിലും കോവിഡ് കാലം വില്ലനായി. എങ്കിലും ലോക്ക്ഡൗൺ കാലത്തെ ഒഴിവുസമയം പരിശീലനത്തിനായി ചഞ്ചൽ പ്രയോജനപ്പെടുത്തി.
സോഷ്യൽ മീഡിയയിലെ തരംഗം
തന്റെ പ്രകടനങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാൻ തുടങ്ങിയതോടെ ചഞ്ചലിന്റെ ജനപ്രീതി വർദ്ധിച്ചു. ഇൻസ്റ്റഗ്രാമിൽ മികച്ച ഫോളോവേഴ്സിനെ ലഭിച്ചു. നിരവധി പഴയ പാട്ടുകൾക്ക് ചഞ്ചൽ നൽകിയ തബലയുടെ അകമ്പടിക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിച്ചു. മധു ബാലകൃഷ്ണൻ, മഞ്ജരി, ജ്യോത്സ്ന തുടങ്ങിയ പ്രമുഖ ഗായകരും ചഞ്ചലിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമായി ആയിരക്കണക്കിന് ആളുകൾ ചഞ്ചലിന്റെ സംഗീതത്തെ പിന്തുടരുന്നു.
ഇപ്പോൾ ചെണ്ടയും വയലിനും പഠിക്കാനുള്ള തയാറെടുപ്പിലാണ് ചഞ്ചൽ. തബല വായനയിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ട് തന്റെ കലാപരമായ ആവശ്യങ്ങൾ സ്വയം നിറവേറ്റുന്നു. ഒപ്പം സർക്കാർ ജോലി ലക്ഷ്യമിട്ടുള്ള പി.എസ്.സി പരിശീലനവും തുടരുന്നു. കലയെയും ജീവിതത്തെയും ഒരുപോലെ ചേർത്തുപിടിച്ച് മുന്നോട്ടുപോകുന്ന ചഞ്ചൽ സംഗീതാസ്വാദകർക്ക് വലിയൊരു പ്രചോദനം തന്നെയാണ്.




