പതിനെട്ടാം നിലയിൽനിന്ന് ചാടി യുവതിയും മകനും മരിച്ചു: മരണത്തിന് മുൻപ് ഭർത്താവിന് സന്ദേശം

പുണെയിലെ ഒരു ഫ്ലാറ്റ് സമുച്ചയത്തിന്റെ പതിനെട്ടാം നിലയിൽനിന്ന് താഴേക്ക് ചാടി യുവതിയും ആറ് വയസ്സുകാരനായ മകനും ദാരുണാന്ത്യം. വാക്കഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ദാംഗെ ചൗക്ക് ഭാഗത്താണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. രാജസ്ഥാൻ സ്വദേശികളായ ഇവർ കഴിഞ്ഞ രണ്ട് വർഷമായി ഇതേ കെട്ടിടത്തിലെ ഏഴാം നിലയിലുള്ള ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്. യുവതിയുടെ ഭർത്താവ് പുണെയിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്തു വരികയാണ്.
കെട്ടിടത്തിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രകാരം, യുവതിയും മകനും ലിഫ്റ്റ് മാർഗ്ഗം കെട്ടിടത്തിന്റെ പതിനെട്ടാം നിലയിലേക്ക് പോകുന്നത് വ്യക്തമാണ്. താഴേക്ക് ചാടുന്നതിന് തൊട്ടുമുമ്പായി ഇരുവരും തങ്ങളുടെ ചെരിപ്പുകൾ അഴിച്ചു വെക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. സംഭവസ്ഥലത്തുനിന്ന് ഇവർ എഴുതിയ ആത്മഹത്യക്കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. കുറച്ചു നാളുകളായി നട്ടെല്ലുമായി ബന്ധപ്പെട്ട കടുത്ത ആരോഗ്യപ്രശ്നങ്ങൾ യുവതി നേരിട്ടിരുന്നുവെന്നാണ് വിവരം. തനിക്ക് ശേഷം ഭർത്താവ് മറ്റൊരാളെ വിവാഹം കഴിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്ന ആഗ്രഹം ആത്മഹത്യക്കുറിപ്പിൽ യുവതി പങ്കുവെച്ചിട്ടുണ്ട്.




