BUSINESS

കേരളപ്പിറവി പ്രമാണിച്ച് സപ്ലൈകോയിൽ പ്രത്യേക വിലക്കിഴിവ്: ‘മ’ ഉല്പന്നങ്ങൾക്കും പായസം മിക്സിനും മുതിർന്ന പൗരന്മാർക്കും ആനുകൂല്യം

കേരള സംസ്ഥാനത്തിന് എഴുപത് വയസ്സ് പൂർത്തിയാകുന്ന 2026 നവംബർ ഒന്നിനോടനുബന്ധിച്ച്, പ്രായമായവർക്കായി ആകർഷകമായ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് സപ്ലൈകോ രംഗത്ത്. എഴുപതും അതിൽക്കൂടുതലും പ്രായമുള്ളവർക്കായി പ്രത്യേക പരിഗണനയാണ് സപ്ലൈകോ ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പം ‘മ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്കും ഈ കാലയളവിൽ പ്രത്യേക വിലക്കിഴിവ് ലഭിക്കും.

സബ്സിഡി ഇല്ലാതെ ആയിരം രൂപയ്ക്ക് മുകളിൽ പർച്ചേസ് നടത്തുന്ന 70 വയസ്സും അതിൽ കൂടുതലുമുള്ള ഉപഭോക്താക്കൾക്ക് വെളിച്ചെണ്ണ വാങ്ങുമ്പോൾ മികച്ച ഇളവ് ലഭിക്കും. പരമാവധി ചില്ലറ വിലയിൽ (MRP) നിന്ന് 70 രൂപ കുറച്ച്, വെറും 229 രൂപ നിരക്കിൽ ഒരു ലിറ്റർ വെളിച്ചെണ്ണ സ്വന്തമാക്കാൻ സാധിക്കും. കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ ഏഴ് വരെയുള്ള ഒരാഴ്ചക്കാലമാണ് ഈ പ്രത്യേക ഓഫർ നിലനിൽക്കുക.

‘മ’യിൽ തുടങ്ങുന്ന ശബരി ഉല്പന്നങ്ങൾക്ക് വിലക്കുറവ്

‘മ’ അക്ഷരത്തിൽ പേരുള്ള ശബരി മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ഈ ദിവസങ്ങളിൽ ഏഴ് ശതമാനം വിലക്കിഴിവ് ലഭിക്കും.

പായസം മിക്സിന് നവംബർ മുഴുവൻ ഓഫർ

കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി മധുരമൂറുന്ന പായസം എല്ലാ വീടുകളിലും എത്തട്ടെ എന്ന ലക്ഷ്യത്തോടെ പായസം മിക്സുകൾക്ക് നവംബർ മാസം മുഴുവൻ ഇളവുകൾ നൽകുന്നുണ്ട്. നവംബർ ഒന്ന് മുതൽ മുപ്പത് വരെ എല്ലാ ഉപഭോക്താക്കൾക്കും ശബരി പായസം മിക്സ് പത്ത് ശതമാനം ഡിസ്കൗണ്ടിൽ വാങ്ങാം. നിലവിൽ സപ്ലൈകോ നൽകുന്ന ഇളവുകൾക്ക് പുറമെയാണ് ഈ അധിക ആനുകൂല്യം.

പുതിയ ശബരി ഉല്പന്നങ്ങൾ

സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരിയുടെ പുതിയ ഉൽപ്പന്നങ്ങളും വിപണിയിൽ പുറത്തിറങ്ങുകയാണ്. മൈദ, റവ തുടങ്ങിയവയാണ് പുതിയതായി എത്തുന്നവ. ഒപ്പം ശബരി ആട്ട, ശബരി ഗോൾഡ് ചായപ്പൊടി, ശബരി ഹോട്ടൽ ബ്ലെൻഡ് ടീ എന്നിവ പുതിയ രൂപകൽപ്പനയിലുള്ള പാക്കറ്റുകളിലും ഉപഭോക്താക്കൾക്ക് ലഭ്യമാകും.

ശബരി എന്ന ബ്രാൻഡ്

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ അഭിമാന ബ്രാൻഡാണ് ശബരി. ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കൾ സാധാരണക്കാർക്ക് മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ദൗത്യമാണ് ഇത്തരം ഉൽപ്പന്നങ്ങൾക്ക് പിന്നിലുള്ളത്. കേവലം ഒരു ഉൽപ്പന്ന ബ്രാൻഡ് എന്നതിലുപരി, വിപണിയിലെ വിലക്കയറ്റത്തെ നിയന്ത്രിക്കാനും ജനങ്ങൾക്ക് ആശ്രയിക്കാവുന്ന ബദൽ സംവിധാനമെന്ന നിലയിൽ വിപണിയിൽ സജീവമായി ഇടപെടാനും ശബരി ബ്രാൻഡിന് സാധിക്കുന്നു.

Read News

Back to top button