ടാറ്റ സൺസിൽ 25,000 കോടിയുടെ നിക്ഷേപം; നോയൽ ടാറ്റയുടെ നീക്കത്തിൽ നിർണായക മാറ്റം

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള പ്രമുഖ ഫാഷൻ റീട്ടെയ്ൽ ശൃംഖലയായ ട്രെന്റിന്റെ പുതിയ ചെയർമാനായി നോയൽ ടാറ്റയുടെ അടുത്ത സുഹൃത്തും വ്യവസായിയുമായ ബഹ്റാം വക്കീലിനെ നിയമിച്ചു. നോയൽ ടാറ്റ പദവിയിൽ നിന്ന് വിരമിക്കുന്ന നവംബർ 11-ന് ശേഷം വക്കീൽ ചുമതലകൾ ഔദ്യോഗികമായി ഏറ്റെടുക്കും. എന്നാൽ ഈ പുതിയ നിയമനം ടാറ്റ ഗ്രൂപ്പിനുള്ളിൽ വലിയ ചർച്ചകൾക്കും അതൃപ്തിക്കും വഴിതുറന്നിരിക്കുകയാണ്.
ട്രെന്റിന്റെ നേതൃനിരയിലുണ്ടായ ഈ അപ്രതീക്ഷിത മാറ്റത്തെക്കുറിച്ച് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനെ മുൻകൂട്ടി അറിയിക്കാൻ നോയൽ തയാറായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ബോർഡ് തലത്തിലെ ഈ അഴിച്ചുപണികളെക്കുറിച്ചും, പ്രത്യേകിച്ച് ബഹ്റാം വക്കീലിനെ ചെയർമാനായി നിയമിച്ചതിനെക്കുറിച്ചും സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് വ്യാഴാഴ്ച സമർപ്പിച്ച റിപ്പോർട്ടിലൂടെയാണ് ചന്ദ്രശേഖരൻ അറിയാനിടയായത്. ട്രെന്റിൽ 32 ശതമാനം ഓഹരി പങ്കാളിത്തമുള്ള ടാറ്റ സൺസ്, അടുത്തിടെ നടന്ന 2,500 കോടി രൂപയുടെ റൈറ്റ്സ് ഇഷ്യു നടപടികളിലും സജീവമായി പങ്കുചേർന്നിരുന്നു.
കാലങ്ങളായി സിമോൺ ടാറ്റയും പിന്നീട് നോയൽ ടാറ്റയുമായിരുന്നു ട്രെന്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. 1997 മുതൽ കമ്പനിയുമായി ചേർന്നു പ്രവർത്തിക്കുന്ന നോയൽ, നവംബർ രണ്ട് മുതൽ ‘ചെയർമാൻ എമെറിറ്റസ്’ എന്ന പുതിയ പദവിയിലേക്ക് മാറും. അതേസമയം, ടാറ്റ സൺസ് ബോർഡിന്റെ തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി നോയൽ രംഗത്തെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച കത്ത് അദ്ദേഹം ബോർഡിന് കൈമാറി.
ടാറ്റ സൺസിന്റെ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തണമെന്നും, ഷാപൂർജി പല്ലോൻജി ഗ്രൂപ്പിന് കമ്പനിയിലുള്ള ഓഹരികൾ വിറ്റഴിക്കുന്നതിനായി 25,000 കോടി രൂപയുടെ പ്രത്യേക പദ്ധതി നടപ്പാക്കണമെന്നും നോയൽ ആവശ്യപ്പെടുന്നു. ഈ നിർണ്ണായക വിഷയങ്ങൾ വിശദമായി പരിശോധിക്കുന്നതിനായി നവംബർ 26-ന് ചേരുന്ന ബോർഡ് യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.




