NEWS

ക്ലാസ്മുറിയിൽ യന്ത്രവാൾ ഉപയോഗിച്ച് വിദ്യാർഥിയെ വധിക്കാൻ ശ്രമം; യുവാവ് പിടിയിൽ

അമരാവതി: ആന്ധ്രപ്രദേശിലെ ഒരു വിദ്യാലയത്തിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ ഇരുപത്തൊന്നുകാരൻ മാരകായുധം ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത് നടുക്കത്തോടെയാണ് നാട് കേട്ടത്. ആക്രമണത്തിൽ പെൺകുട്ടിക്ക് അതീവ ഗുരുതരമായി പരിക്കേറ്റു. സഹപാഠിയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ മറ്റൊരു വിദ്യാർഥിനിക്കും പരിക്കേറ്റിട്ടുണ്ട്.

അനന്തപുർ ജില്ലയിലെ രപ്തഡു മണ്ഡലിലുള്ള ജില്ലാ പരിഷദ് ഹൈസ്കൂളിൽ ശനിയാഴ്ച രാവിലെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ശ്രീ സത്യസായ് ജില്ലയിലെ ധർമവരം നഗലൂർ സ്വദേശിയായ ഹേമന്ത് എന്നയാളാണ് ആക്രമണം നടത്തിയത്. ഇയാൾ പെൺകുട്ടിയുടെ ബന്ധുവാണെന്നാണ് പ്രാഥമിക വിവരം.

രാവിലെ പാഠഭാഗങ്ങൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ക്ലാസ് മുറിയിലേക്ക് ഇരച്ചുകയറിയ ഹേമന്ത് പെൺകുട്ടിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തും കഴുത്തിലും പുറത്തുമായി ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സഹപാഠികൾ ഭയന്നുവിറച്ച് നിലവിളിച്ചിട്ടും അക്രമം നിർത്താൻ ഇയാൾ തയ്യാറായില്ല. കുട്ടിയെ രക്ഷിക്കാൻ മറ്റൊരു വിദ്യാർഥിനി ഇടപെട്ടെങ്കിലും അവർക്കും പരിക്കേറ്റു.

രക്തത്തിൽ കുളിച്ചുകിടന്ന വിദ്യാർഥിനിയെ ഉപേക്ഷിച്ച് ഹേമന്ത് സ്കൂൾ വളപ്പിൽ നിന്ന് ഓടി രക്ഷപ്പെട്ടതിന് ശേഷമാണ് അധ്യാപകർക്കും മറ്റ് അധികൃതർക്കും സംഭവസ്ഥലത്തേക്ക് എത്താൻ സാധിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പിന്നീട് നടത്തിയ തിരച്ചിലിനൊടുവിൽ ധർമവരം റെയിൽവേ സ്റ്റേഷനിൽ വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. എന്നാൽ എന്തിനാണ് ഇയാൾ ഇത്രയും ക്രൂരമായ കൃത്യം ചെയ്തതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

Fashion ⏭️

Back to top button