HEALTH

വൃക്കയിലെ കല്ല്: രോഗലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും


പ്രതീകാത്മക ചിത്രം

വൃക്കകളില്‍ ധാതുക്കളും ലവണങ്ങളും (പ്രധാനമായും കാൽസ്യം, യൂറിക് ആസിഡ്, ഓക്‌സലേറ്റ് തുടങ്ങിയവ) അടിഞ്ഞുകൂടി ഖരരൂപത്തിലാകുന്ന അവസ്ഥയെയാണ് വൃക്കരോഗങ്ങളില്‍ പ്രധാനമായ വൃക്കക്കല്ലുകള്‍ എന്ന് വിളിക്കുന്നത്. ഇവ മണല്‍ത്തരിയുടെ വലിപ്പത്തില്‍ തുടങ്ങി വലിയ കല്ലുകളുടെ രൂപം വരെ കൈവരിക്കാം. വൃക്കയ്ക്കുള്ളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്ന ഘട്ടത്തില്‍ പലപ്പോഴും കാര്യമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാറില്ല. എന്നാല്‍ ഈ കല്ലുകള്‍ മൂത്രവാഹിനിയിലേക്ക് നീങ്ങുകയും മൂത്രത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യുമ്പോഴാണ് അതികഠിനമായ വേദന അനുഭവപ്പെടുന്നത്. ഇന്ത്യയിലെ ജനസംഖ്യയില്‍ ഏകദേശം 12 ശതമാനം ആളുകളെ ഈ രോഗം ബാധിക്കാന്‍ സാധ്യതയുണ്ട്. ഒരിക്കല്‍ കല്ല് വന്നവരില്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ വീണ്ടും രോഗം ആവര്‍ത്തിക്കാനുള്ള സാധ്യത 30 മുതല്‍ 50 ശതമാനം വരെയാണ്.

രോഗകാരണങ്ങള്‍

ജലപാനം കുറയുന്നത്: മൂത്രത്തിന്റെ സാന്ദ്രത കൂടുകയും ലവണങ്ങള്‍ അടിയുകയും ചെയ്യുന്നു.
അമിതമായ ചൂട് മൂലം ശരീരത്തില്‍ നിന്നും വെള്ളം വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നത്.
ഉപ്പും മാംസാഹാരങ്ങളും അമിതമായി ഉപയോഗിക്കുന്നത്.
ഓക്‌സലേറ്റ് ധാരാളമടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപഭോഗം.
അമിതവണ്ണം, പ്രമേഹരോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം.
കുടുംബപരമായ പാരമ്പര്യ ഘടകങ്ങള്‍.
തുടര്‍ച്ചയായുണ്ടാകുന്ന മൂത്രാശയ അണുബാധകള്‍.

ലക്ഷണങ്ങള്‍

അരക്കെട്ടിലോ വശങ്ങളിലോ അനുഭവപ്പെടുന്ന അസഹനീയമായ വേദന; ഇത് വയറിലേക്കും തുടയിടുക്കിലേക്കും വ്യാപിക്കാം.
മൂത്രത്തിലൂടെ രക്തം പോകുന്നത് മൂലം നിറവ്യത്യാസം അനുഭവപ്പെടാം.
ഓക്കാനവും ഛര്‍ദ്ദിയും.
മൂത്രമൊഴിക്കുമ്പോള്‍ കടുത്ത നീറ്റലും വേദനയും.
വിട്ടുമാറാത്ത മൂത്രശങ്ക.

വൃക്കക്കല്ലുകളുടെ വിവിധ തരങ്ങള്‍

കാല്‍സ്യം ഓക്‌സലേറ്റ്

ഏറ്റവും സാധാരണയായി കണ്ടുവരുന്നത്. ജലപാനക്കുറവും ഓക്‌സലേറ്റ് അടങ്ങിയ ഭക്ഷണക്രമവുമാണ് പ്രധാന കാരണങ്ങള്‍.

യൂറിക് ആസിഡ്

ശരീരത്തില്‍ ജലാംശം കുറയുന്നതും മാംസ്യം (പ്രോട്ടീന്‍) കൂടിയ ഭക്ഷണങ്ങളും കാരണമാകുന്നു.

സ്ട്രൂവൈറ്റ്

മൂത്രനാളികളിലുണ്ടാകുന്ന അണുബാധകളുടെ ഫലമായി രൂപപ്പെടുന്നു.

സിസ്റ്റിന്‍

പാരമ്പര്യമായി കണ്ടുവരുന്ന അപൂര്‍വ്വമായ തരം കല്ലുകള്‍.

ചികിത്സാ രീതികള്‍

കല്ലിന്റെ വലിപ്പവും സ്വഭാവവും കണക്കിലെടുത്താണ് ചികിത്സ നിശ്ചയിക്കുന്നത്. വളരെ ചെറിയ കല്ലുകളെ ധാരാളം വെള്ളം കുടിച്ചും മരുന്നുകളിലൂടെയും പുറന്തള്ളാം. കല്ലിന്റെ വലിപ്പം കൂടുതലാണെങ്കില്‍ ESWL, RIRS, PCNL തുടങ്ങിയ അത്യാധുനിക ചികിത്സാ മാര്‍ഗ്ഗങ്ങള്‍ വേണ്ടിവരും. യൂറോളജിസ്റ്റ് രോഗിയുടെ വൃക്കയുടെ ഘടന, കല്ലിന്റെ എണ്ണം, വലിപ്പം, സ്ഥാനം എന്നിവ പരിശോധിച്ച് ഉചിതമായ ചികിത്സ നിര്‍ദ്ദേശിക്കുന്നു.

ചെറിയ കല്ല്

അഞ്ച് മില്ലിമീറ്ററില്‍ താഴെ വലിപ്പമുള്ളവയാണെങ്കില്‍ ധാരാളം വെള്ളം കുടിക്കുന്നതിലൂടെ മൂത്രത്തിലൂടെ തനിയെ പുറത്തുവരാന്‍ സാധ്യതയുണ്ട്. വേദനയ്ക്കും കല്ല് നീങ്ങാനും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കഴിക്കണം. ആവശ്യമെങ്കില്‍ സ്‌കാനിംഗ് നടത്തേണ്ടതുണ്ട്. അണുബാധയോ തടസ്സമോ ഉണ്ടെങ്കില്‍ വിദഗ്ധ ചികിത്സ അത്യാവശ്യമാണ്.

ഇടത്തരം കല്ല്

ആറ് മുതല്‍ ഇരുപത് മില്ലിമീറ്റര്‍ വരെ വലിപ്പമുള്ളവയ്ക്ക് ESWL, ലേസര്‍ ഉപയോഗിച്ചുള്ള URS, RIRS തുടങ്ങിയവ ഫലപ്രദമാണ്. പത്ത് മില്ലിമീറ്ററില്‍ താഴെയാണെങ്കില്‍ ESWL അല്ലെങ്കില്‍ URS ആണ് അഭികാമ്യം. പത്തിനും ഇരുപതിനും ഇടയിലുള്ളവയ്ക്ക് RIRS (URS) രീതിയും ചില ഘട്ടങ്ങളില്‍ PCNL ഉം ചെയ്യാറുണ്ട്.

വലിയ കല്ല്

ഇരുപത് മില്ലിമീറ്ററിന് മുകളില്‍ വലിപ്പമുള്ള കല്ലുകളെ നീക്കം ചെയ്യാന്‍ PCNL ശസ്ത്രക്രിയയാണ് സാധാരണയായി ആശ്രയിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ RIRS അല്ലെങ്കില്‍ ESWL രീതികള്‍ ഒന്നിലധികം തവണ ചെയ്യേണ്ടി വന്നേക്കാം.

അടിയന്തര ശ്രദ്ധ ആവശ്യമുള്ള സാഹചര്യങ്ങള്‍

തീവ്രമായ വേദനയോടൊപ്പം വിറയലോ പനിയോ അനുഭവപ്പെടുക, മൂത്രമൊഴിക്കാന്‍ തീരെ കഴിയാത്ത അവസ്ഥ, നിര്‍ത്താതെയുള്ള ഛര്‍ദ്ദി, സഹിക്കാനാവാത്ത വേദന എന്നിവയുണ്ടെങ്കില്‍ ഒട്ടും വൈകാതെ ആശുപത്രിയിലെത്തണം. ഇത് അണുബാധയോ മൂത്രതടസ്സമോ ഉള്ളതിന്റെ സൂചനയാകാം.

കേരളത്തില്‍ ലഭ്യമായ ചികിത്സാ മാര്‍ഗ്ഗങ്ങള്‍

1. ESWL: ശബ്ദതരംഗ ചികിത്സ

ശരീരത്തിനു പുറത്തുനിന്നുള്ള ഷോക്ക് വേവുകള്‍ ഉപയോഗിച്ച് കല്ലുകളെ പൊടിക്കുന്നു. ചെറിയ കല്ലുകള്‍ക്ക് മുറിവില്ലാതെ ചെയ്യാവുന്ന ചികിത്സയാണിത്. കല്ല് പൂര്‍ണ്ണമായി നീങ്ങാന്‍ ഒന്നിലധികം തവണ ചെയ്യേണ്ടി വരാം.

2. URS + ലേസര്‍

മൂത്രനാളി വഴി സ്‌കോപ്പ് കടത്തി ലേസര്‍ ഉപയോഗിച്ച് കല്ല് പൊടിച്ചു കളയുന്നു. മുറിവുകളില്ലാത്ത ശസ്ത്രക്രിയയാണിത്.

3. RIRS: വളയുന്ന സ്‌കോപ്പ് + ലേസര്‍

ഫ്ലെക്സിബിൾ സ്‌കോപ്പ് വൃക്കയ്ക്കുള്ളില്‍ എത്തിച്ച് ലേസര്‍ സഹായത്തോടെ കല്ല് പൊടിക്കുന്നു. വേഗത്തിലുള്ള സുഖം ലഭിക്കുന്നതും ആശുപത്രിവാസം കുറഞ്ഞതുമായ രീതിയാണിത്.

4. PCNL, മിനി-PCNL: കീഹോള്‍ ശസ്ത്രക്രിയ

പുറംഭാഗത്ത് ചെറിയ സുഷിരമുണ്ടാക്കി വൃക്കയിലെത്തി വലിയ കല്ലുകള്‍ നീക്കം ചെയ്യുന്നു. അനസ്തേഷ്യ നല്‍കി ചെയ്യുന്ന ഈ രീതിയില്‍ അണുബാധയ്ക്കും രക്തസ്രാവത്തിനും നേരിയ സാധ്യതയുണ്ട്, സുഖപ്പെടാന്‍ സമയമെടുക്കും.

5. DJ സ്റ്റെന്റ്

മൂത്രക്കുഴലിലെ തടസ്സം നീക്കാന്‍ താൽക്കാലികമായി ഇടുന്ന നേരിയ കുഴലാണിത്. തുറന്ന ശസ്ത്രക്രിയകള്‍ ഇന്ന് വളരെ വിരളമായി മാത്രമേ വേണ്ടിവരുന്നുള്ളൂ.

ശസ്ത്രക്രിയയ്ക്കു ശേഷമുള്ള കാര്യങ്ങള്‍

സാധാരണയായി ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് മടങ്ങാം.
തുടക്കത്തില്‍ ചെറിയ നീറ്റലോ നേരിയ രക്തം കാണുകയോ ചെയ്യാമെങ്കിലും അത് ഭയപ്പെടേണ്ടതില്ല.
ചിലരില്‍ കല്ല് പൂര്‍ണ്ണമായി നീങ്ങാന്‍ തുടര്‍ചികിത്സകള്‍ ആവശ്യമായി വരാം.
സ്റ്റെന്റ് ഇട്ടിട്ടുണ്ടെങ്കില്‍ ഡോക്ടര്‍ പറയുന്ന തീയതിയില്‍ അത് നീക്കം ചെയ്യണം.
പനി, വേദന, മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് എന്നിവയുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക.

രോഗം വരാതിരിക്കാന്‍

ദിവസവും കുറഞ്ഞത് പന്ത്രണ്ട് ഗ്ലാസ് (2.5 – 3 ലിറ്റര്‍) വെള്ളം കുടിക്കുന്നത് ശീലമാക്കുക. തിളപ്പിച്ചാറിയ വെള്ളമാണ് ഏറ്റവും ഉത്തമം.

ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടവ

കാരറ്റ്, പാവയ്ക്ക, വാഴപ്പഴം, ഓറഞ്ച്, നാരങ്ങ, തണ്ണിമത്തന്‍, ഇളനീര്‍, പൈനാപ്പിള്‍ ജ്യൂസ്, ഓട്‌സ്, ബാര്‍ലി, അരിത്തവിട്, പയര്‍ വര്‍ഗ്ഗങ്ങള്‍, കൊഴുപ്പുകുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍.

നിയന്ത്രിക്കേണ്ടവ

ചീര, മുള്ളന്‍ചീര, വഴുതനങ്ങ, കോളിഫ്‌ളവര്‍, തക്കാളി, കൂണ്‍, മത്തങ്ങ, സപ്പോട്ട, മുന്തിരി, സ്‌ട്രോബെറി, നട്‌സ്, മാംസഭക്ഷണങ്ങള്‍, മുട്ട, മീന്‍, ചോക്ലേറ്റ്, കോഫി, ചായ, കോള പാനീയങ്ങള്‍.


സോഡിയം: പ്രതിദിനം നാല് മുതല്‍ അഞ്ച് ഗ്രാം വരെ മാത്രം. സംസ്‌കരിച്ച ഭക്ഷണങ്ങളും ഉപ്പിട്ട ലഘുഭക്ഷണങ്ങളും ഒഴിവാക്കുക.

മൃഗജന്യ പ്രോട്ടീന്‍: ശരീരഭാരത്തിന് അനുസരിച്ച് (കിലോയ്ക്ക് 0.8-1.0 ഗ്രാം) അളവ് ക്രമീകരിച്ച് കഴിക്കുക.

കാല്‍സ്യം: ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്രതിദിനം ഒന്ന് മുതല്‍ 1.2 ഗ്രാം വരെ ഉപയോഗിക്കാം. പാല്‍, തൈര് എന്നിവ ഇതിന് നല്ലതാണ്. ഗുളികകള്‍ ഡോക്ടറുടെ അനുമതിയില്ലാതെ കഴിക്കരുത്.

പ്രത്യേകം ശ്രദ്ധിക്കുക: വൈറ്റമിന്‍ സി, കാല്‍സ്യം ഗുളികകള്‍ സ്വന്തം ഇഷ്ടപ്രകാരം കഴിക്കരുത്. കൃത്യമായ വ്യായാമത്തിലൂടെയും ചിട്ടയായ ഭക്ഷണത്തിലൂടെയും ഭാരം നിയന്ത്രിക്കുക. പുറത്തുവന്ന കല്ല് ലാബില്‍ പരിശോധിച്ച് തരമറിഞ്ഞാല്‍ ഭക്ഷണക്രമീകരണം എളുപ്പമാക്കാം. നിയന്ത്രിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അളവ് കുറയ്ക്കുക എന്നതാണ്, പൂര്‍ണ്ണമായും ഒഴിവാക്കണമെന്നില്ല.

Dr. Sudin S R
Senior Consultant Urologist
SUT Hospital, Pattom,TVM
RELATED TOPICS: KIDNEY STONES, KIDNEY STONE SYMPTOMS, KIDNEY STONE CAUSES, KIDNEY STONE TREATMENT, വൃക്കയിലെ കല്ല് ലക്ഷണങ്ങൾ

Travel ⏭️

Back to top button