പതിനേഴുകാരന്റെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവം: അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഹൈക്കോടതി വിമർശനം

അപകടമുണ്ടാക്കിയ ബെൻസ് കാർ, മരിച്ച ജയബാലകൃഷ്ണൻ
കൊച്ചി: ചേരാനല്ലൂർ ബെൻസ് കാർ അപകടവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ എറണാകുളം അഡീഷനൽ സെഷൻസ് കോടതിയുടെ രൂക്ഷ വിമർശനം. നിയമവിരുദ്ധമായി വിവരങ്ങൾ പുറത്തുവന്നതിൽ ഉത്തരവാദികൾക്കെതിരെ ഇതുവരെയും യാതൊരു നടപടിയും സ്വീകരിക്കാത്തതെന്താണെന്ന് കോടതി ആരാഞ്ഞു. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഇടപെടൽ.
ഈ വിഷയത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് തിങ്കളാഴ്ച കോടതിയിൽ ഹാജരാകണമെന്നും നിർദേശമുണ്ട്. പ്രായപൂർത്തിയാകാത്ത പ്രതിയുടെ ചിത്രങ്ങളും വ്യക്തിവിവരങ്ങളും സോഷ്യൽ മീഡിയയിൽ എങ്ങനെയെത്തി എന്നത് സംബന്ധിച്ച് സൈബർ പൊലീസ് വിശദമായ അന്വേഷണം നടത്തണം.
പ്രതിയുടെ വിവരങ്ങൾ വെളിപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള മുഴുവൻ പോസ്റ്റുകളും അടിയന്തരമായി നീക്കം ചെയ്യണമെന്ന് സൈബർ പൊലീസിന് കോടതി നിർദേശം നൽകി. കേസിൽ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് (Action Taken Report) സമർപ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
പ്രതിക്കെതിരെ നരഹത്യയ്ക്ക് കേസെടുത്ത സാഹചര്യത്തിൽ, ജാമ്യം അനുവദിക്കാൻ ജുവനൈൽ ജസ്റ്റിസ് ബോർഡിന് അധികാരമില്ലെന്നും, രേഖകൾ കൃത്യമായി പരിശോധിക്കാതെയാണ് ബോർഡ് ജാമ്യം നൽകിയതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രതിയെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്റെ ഹർജി തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ ചേരാനല്ലൂർ മാനാപ്പുറം ക്ഷേത്രത്തിന് സമീപത്തായിരുന്നു നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. അമിതവേഗതയിൽ എത്തിയ പതിനേഴുകാരന്റെ ബെൻസ് കാർ മാഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ജയബാലകൃഷ്ണൻ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും ചെയ്തു.
RELATED TOPICS: CHERANALLOOR CAR ACCIDENT, COURT CRITICISES INVESTIGATION OFFICER, 17 YEAR OLD BOY SOCIAL MEDIA, MINOR IDENTITY DISCLOSURE




