NEWS

ഷിബി മാഷിനെ കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടി വിദ്യാർത്ഥികൾ; വിടവാങ്ങൽ ചടങ്ങിൽ വികാരാധീനനായി അദ്ധ്യാപകൻ

മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്കുശേഷം സ്‌കൂളിലെത്തിയ പ്രിൻസിപ്പൽ ഷിബി കൃഷ്ണനെ കണ്ണീരോടെയും സ്‌നേഹാദരങ്ങളോടെയും വിദ്യാർത്ഥികൾ വരവേറ്റു. പ്രിയപ്പെട്ട അധ്യാപകനെ കണ്ട നിമിഷം വിദ്യാർത്ഥികൾ വികാരാധീനരായി അദ്ദേഹത്തെ ചേർത്തുപിടിച്ചു. അധ്യാപകനെ കാണുന്നതിനായി ഒരുപിടി രക്ഷിതാക്കളും സ്‌കൂളിലെത്തിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തന്നെ മാനസികമായി വല്ലാതെ തളർത്തിയെന്ന് വിദ്യാർത്ഥികളോട് അദ്ദേഹം വ്യക്തമാക്കി.

‘എന്റെ കുടുംബത്തെയും സ്‌കൂളിനെയും വിദ്യാർത്ഥികളെയും വലിയൊരു പ്രതിസന്ധിയിലേക്ക് തള്ളിവിട്ടവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. എന്തുവില കൊടുത്തും, എന്റെ സ്വത്തുക്കൾ വിറ്റുപെറുക്കേണ്ടി വന്നാലും ഇതിന് പിന്നിലുള്ളവരെ വെറുതെ വിടില്ല’ എന്ന് ഷിബി കൃഷ്ണൻ ഉറപ്പിച്ചു പറഞ്ഞു. സങ്കുചിത മനോഭാവത്തോടെ ചിലർ വസ്തുതകൾ പരിശോധിക്കാതെ തന്നെയും കുട്ടികളെയും അപമാനിക്കുകയാണ് ചെയ്തത്. ഈ വ്യാജ പ്രചാരണങ്ങൾ എന്റെ ഭാര്യയെയും മക്കളെയും പ്രായമായ അമ്മയെയും വലിയ തോതിൽ ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. താൻ മദ്യപിച്ചിട്ടില്ലെന്ന് തെളിയിക്കാൻ സ്വമേധയാ ആണ് രക്തപരിശോധനയ്ക്ക് വിധേയനായത്. തനിക്കെതിരെ ഒരിടത്തും ആരും പരാതി നൽകിയിട്ടില്ലെന്നും, തന്നെ മനഃപൂർവം താഴ്ത്തിക്കെട്ടാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്‌കൂൾ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പി.ടി.എ പ്രസിഡന്റും മദ്യപിച്ചു എന്നായിരുന്നു ഉയർന്നുവന്ന പ്രധാന ആരോപണം. യാത്ര കഴിഞ്ഞെത്തിയ ഇരുവരെയും നാട്ടുകാരും രക്ഷിതാക്കളും ചേർന്ന് തടഞ്ഞുവെക്കുകയുണ്ടായി. ഇവർ മദ്യലഹരിയിലായിരുന്നുവെന്നാണ് ചിലർ പ്രചരിപ്പിച്ചത്. എന്നാൽ, വൈദ്യപരിശോധനയിൽ അധ്യാപകൻ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. പി.ടി.എ പ്രസിഡന്റ് എസ്. ഹാജിസിൽ നിന്ന് മദ്യത്തിന്റെ മണം വരുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അദ്ദേഹത്തെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടിരുന്നതായി പ്രിൻസിപ്പൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും 133 വിദ്യാർത്ഥികൾ ഹൈദരാബാദിലേക്ക് വിനോദയാത്രയ്ക്കായി തിരിച്ചിരുന്നു. മൂന്ന് ബസുകളിലായി നടത്തിയ യാത്രയ്ക്കുശേഷം മടങ്ങിയെത്തിയപ്പോഴാണ് വിവാദങ്ങൾ ഉടലെടുത്തത്. സംഭവത്തിൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ റീജിയണൽ വിദ്യാഭ്യാസ ഡയറക്ടർ വിഷയത്തിൽ അടിയന്തര റിപ്പോർട്ടും തേടിയിട്ടുണ്ട്.

Sports ⏭️

Read News ⏭️

Back to top button