20 അടി ഉയരമുള്ള ഷെഡിന്റെ മുകളിൽ കുരുങ്ങിയ മൂന്നുവയസ്സുകാരിക്ക് അദ്ഭുത രക്ഷപ്പെടൽ

പാലക്കാട് അലനല്ലൂരിൽ കെട്ടിടത്തിന് മുകളിൽ കുടുങ്ങിയ മൂന്ന് വയസ്സുകാരിയെ സാഹസികമായി രക്ഷപെടുത്തി. അലനല്ലൂർ എസ്റ്റേറ്റ് പടിയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂണിറ്റിന്റെ മുകളിൽ കയറിയാണ് കുട്ടി അപകടത്തിൽപ്പെട്ടത്.
ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അസം സ്വദേശികളായ ദമ്പതിമാരുടെ മകളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. ഏകദേശം 20 അടിയോളം ഉയരമുള്ള ഷെഡിന്റെ മുകളിലേക്ക്, സമീപത്തായി ചാരിവെച്ചിരുന്ന ഷീറ്റിലൂടെയാണ് കുട്ടി വലിഞ്ഞുകയറിയത്.
കെട്ടിടത്തിന് മുകളിൽ കുട്ടി നിൽക്കുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ പരിഭ്രമത്തോടെ ഓടിക്കൂടി. തുടർന്ന്, അത്താണിപ്പടി നന്നങ്ങാടി കുന്ന് സ്വദേശിയും നിർമ്മാണ തൊഴിലാളിയുമായ ഷിഹാബ് ഉടൻ തന്നെ ഷെഡിന് മുകളിലേക്ക് വലിഞ്ഞുകയറുകയും, ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ സുരക്ഷിതമായി കുട്ടിയെ താഴെ എത്തിക്കുകയുമായിരുന്നു.




