BUSINESS

റിലയൻസ് ഇൻഡസ്ട്രീസ് രണ്ടാം പാദഫലം: ജിയോയിലും ഓയിൽ ബിസിനസിലും നേട്ടം; അറ്റാദായത്തിലും വരുമാനത്തിലും വളർച്ച

നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ (Q2FY27) മികച്ച സാമ്പത്തിക നേട്ടമാണ് റിലയൻസ് ഇൻഡസ്ട്രീസ് കൈവരിച്ചിരിക്കുന്നത്. മുൻ വർഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ, കമ്പനിയുടെ അറ്റാദായത്തിൽ 41 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. ഇതനുസരിച്ച് 18,165 കോടി രൂപയിൽ നിന്ന് ലാഭം 25,548 കോടി രൂപയായി ഉയർന്നു. പ്രവർത്തന വരുമാനമാകട്ടെ 29 ശതമാനം വർധിച്ച് 2.58 ലക്ഷം കോടിയിൽ നിന്ന് 3.32 ലക്ഷം കോടി രൂപയിലെത്തി. ഇതിനുപുറമെ, 15,000 കോടി രൂപയുടെ നോൺ-കൺവെർട്ടബിൾ ഡിബഞ്ചറുകൾ പ്രൈവറ്റ് പ്ലേസ്‌മെന്റ് മാർഗത്തിലൂടെ സമാഹരിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. തൊട്ടുമുമ്പത്തെ പാദമായ 2026 ജൂണുമായി താരതമ്യം ചെയ്താലും ലാഭത്തിൽ 27 ശതമാനവും വരുമാനത്തിൽ 6 ശതമാനവും വർധന ദൃശ്യമാണ്.

റിലയൻസിന്റെ വിവിധ സബ്‌സിഡിയറി വിഭാഗങ്ങളും ബിസിനസിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഡിജിറ്റൽ സർവീസസ്, റീടെയിൽ ബിസിനസ് എന്നിവയ്‌ക്കൊപ്പം ഓയിൽ-ടു-കെമിക്കൽസ് (O2C) സെഗ്‌മെന്റും കരുത്തുറ്റ പ്രകടനം നടത്തി.

ജിയോ പ്ലാറ്റ്‌ഫോംസ് / ഡിജിറ്റൽ സർവീസസ്

ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതിനു ശേഷമുള്ള ജിയോയുടെ ആദ്യ പാദഫലമാണിത്. മുൻ വർഷത്തെ അപേക്ഷിച്ച് ജിയോയുടെ അറ്റാദായം 14 ശതമാനം ഉയർന്ന് 8,387 കോടി രൂപയിലെത്തി. പ്രവർത്തന വരുമാനത്തിൽ 11.4 ശതമാനം വളർച്ച രേഖപ്പെടുത്തി 40,475 കോടി രൂപയായി. ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ വർധനയും ശരാശരി വരുമാനത്തിലെ (ARPU) വളർച്ചയുമാണ് ജിയോയ്ക്ക് തുണയായത്. കമ്പനിയുടെ EBITDA 16.6 ശതമാനം വർധിച്ച് 21,879 കോടി രൂപയായി. ഈ സെപ്റ്റംബർ പാദത്തിൽ 91 ലക്ഷം പുതിയ വരിക്കാരെ ജിയോ സ്വന്തമാക്കി. ഇതോടെ ആകെ ഉപയോക്താക്കളുടെ എണ്ണം 54.24 കോടിയായി ഉയർന്നു. പ്രതിമാസ ARPU 218.8 രൂപയായി മെച്ചപ്പെടുകയും ചെയ്തു. കമ്പനിയുടെ 5G വരിക്കാരുടെ എണ്ണം 30 കോടി പിന്നിട്ടപ്പോൾ, ഫിക്സഡ് ബ്രോഡ്ബാൻഡ് കണക്ഷനുകൾ 3 കോടിയായി വർധിച്ചു. ജിയോ ഉപയോക്താക്കളുടെ ശരാശരി പ്രതിമാസ ഡാറ്റാ ഉപഭോഗം 44.2 GB ആയി ഉയർന്നതും ശ്രദ്ധേയമാണ്.

ഓയിൽ-ടു-കെമിക്കൽ ബിസിനസ്

റിലയൻസ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ ഈ വിഭാഗം റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്. ഇയർ-ഓൺ-ഇയർ അടിസ്ഥാനത്തിൽ EBITDA 68 ശതമാനം വർധിച്ച് 25,203 കോടി രൂപയിലെത്തി. വരുമാനം 44 ശതമാനം ഉയർന്ന് 2.31 ലക്ഷം കോടി രൂപയായി. ഉയർന്ന ക്രൂഡ് ഓയിൽ വിലയും പെട്രോകെമിക്കൽ മാർജിനിലെ അനുകൂല സാഹചര്യങ്ങളും കമ്പനിക്ക് ഗുണകരമായി.

ഓയിൽ & ഗ്യാസ്

മറുവശത്ത്, ഈ വിഭാഗത്തിന്റെ EBITDA 2 ശതമാനം ഇടിഞ്ഞ് 4,901 കോടി രൂപയായി. വരുമാനം നേരിയ തോതിൽ താഴ്ന്ന് 6,020 കോടി രൂപയിൽ അവസാനിച്ചു. KG-D6 പാടത്തുനിന്നുള്ള ഉൽപ്പാദനക്കുറവും പ്രകൃതിവാതക വിലയിലെ ചാഞ്ചാട്ടവും ഉയർന്ന സർക്കാർ തീരുവയുമാണ് ഈ വിഭാഗത്തെ ബാധിച്ചത്.

ജിയോസ്റ്റാർ

മീഡിയ-എന്റർടെയ്ൻമെന്റ് വിഭാഗമായ ജിയോസ്റ്റാറിന്റെ വരുമാനം 10 ശതമാനം വർധിച്ച് 6,806 കോടി രൂപയിലെത്തിയെങ്കിലും, ലാഭക്ഷമതയിൽ സമ്മർദം നേരിട്ടു. നികുതിക്ക് ശേഷമുള്ള ലാഭം 13 ശതമാനം കുറഞ്ഞ് 1,147 കോടി രൂപയായി. എങ്കിലും സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്‌സ്റ്റാർ 44 കോടി പ്രതിമാസ സജീവ ഉപയോക്താക്കളെ കണ്ടെത്തി 10 ശതമാനം വളർച്ച കൈവരിച്ചു. അന്താരാഷ്ട്ര തലത്തിലേക്കുള്ള ജിയോ ഹോട്ട്‌സ്റ്റാറിന്റെ വിപുലീകരണം തുടരുകയാണ്.

റിലയൻസ് റീടെയിൽ

റിലയൻസ് റീടെയിൽ വെഞ്ച്വേഴ്‌സിന്റെ വരുമാനം 6.4 ശതമാനം ഉയർന്ന് 91,716 കോടി രൂപയായി. അതേസമയം, ഡിജിറ്റൽ കൊമേഴ്‌സ് നിക്ഷേപങ്ങൾ കാരണമായി EBITDA 11 ശതമാനം കുറഞ്ഞ് 5,886 കോടി രൂപയായി ചുരുങ്ങി.

കൺസോളിഡേറ്റഡ് കണക്കുകൾ

സെപ്റ്റംബർ അവസാനത്തോടെ കമ്പനിയുടെ അറ്റകടം (Net Debt) 1.17 ലക്ഷം കോടി രൂപയായി കുറഞ്ഞു. പണവും പണത്തിന് തുല്യമായ ആസ്തികളും 2.67 ലക്ഷം കോടി രൂപയായി ഉയർന്നു. മൂലധനച്ചെലവ് (Capex) 38,153 കോടി രൂപയായിരുന്നു. ആഗോള പ്രതിസന്ധികൾക്കിടയിലും ആഭ്യന്തര ബിസിനസ് അച്ചടക്കം പാലിച്ച് മുന്നേറാൻ സാധിച്ചുവെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പ്രസ്താവിച്ചു.

Disclaimer: ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത് ശിവദേവ് സി.വി ആണ്. ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന കമ്പനികളിൽ അദ്ദേഹത്തിനോ ബന്ധുക്കൾക്കോ യാതൊരുവിധ സാമ്പത്തിക താല്പര്യങ്ങളുമില്ല. ഇവിടെ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ സെബിയിൽ രജിസ്റ്റർ ചെയ്ത റിസർച്ച് അനലിസ്റ്റുകളുടെ അഭിപ്രായങ്ങൾ മാത്രമാണ്. നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് വായനക്കാർ സ്വന്തമായി റിസർച്ച് റിപ്പോർട്ടുകൾ പരിശോധിക്കണം.

Read News

Back to top button