വൈദ്യുതി പ്രതിസന്ധി രൂക്ഷം: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും

പ്രതീകാത്മക എഐ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണങ്ങൾ നിലവിൽ വന്നേക്കുമെന്ന് സൂചന. ഹിമാചൽ പ്രദേശിൽ നിന്ന് അടുത്ത മാസത്തേക്കുള്ള വൈദ്യുതി വാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ വൈകിയതോടെ, മറ്റന്നാൾ മുതൽ പവർകട്ടിനുള്ള സാധ്യതയാണ് തെളിയുന്നത്. വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമാണെന്ന് കെഎസ്ഇബി സർക്കാരിനെ ബോധ്യപ്പെടുത്തിയെങ്കിലും, പ്രശ്നപരിഹാരത്തിന് സർക്കാർ തലത്തിൽ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.
യൂണിറ്റൊന്നിന് പതിനാല് രൂപ അമ്പത് പൈസ എന്ന ഉയർന്ന നിരക്കാണെങ്കിലും, ഒക്ടോബറിലേതുപോലെ വരും വർഷം മേയ് മാസം വരെ ആവശ്യത്തിന് വൈദ്യുതി നൽകാമെന്ന് ഹിമാചൽ പ്രദേശ് കെഎസ്ഇബിയെ ഔദ്യോഗികമായി അറിയിച്ചിരുന്നു. കഴിഞ്ഞ മാസം ഇരുപത്തിയെട്ടിന് തന്നെ കെഎസ്ഇബി ഇക്കാര്യം സർക്കാരിനെ ധരിപ്പിച്ചിരുന്നെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ല. തുടർനടപടികൾ വൈകിയതോടെ, കേരളത്തിന് നൽകാൻ സന്നദ്ധമായിരുന്ന വൈദ്യുതി ഹിമാചൽ പ്രദേശ് അധികമായി ഒരു രൂപ കൂടി കൂട്ടി രാജസ്ഥാന് കൈമാറുകയായിരുന്നു. ഇത് പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിച്ചു. എന്നാൽ, അമിത വില നൽകി വൈദ്യുതി വാങ്ങുന്നത് ലാഭകരമല്ലെന്നാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഇതിനോട് പ്രതികരിച്ചത്.
നിലവിൽ റിയൽ മാർക്കറ്റിൽ നിന്ന് വൈദ്യുതി ലഭ്യമാക്കുക എന്നതാണ് പ്രതിസന്ധി മറികടക്കാനുള്ള ഏക പോംവഴി. മറ്റ് സംസ്ഥാനങ്ങളിൽ വൈദ്യുതി ഉപഭോഗം കുറയുകയാണെങ്കിൽ മാത്രമെ നിയന്ത്രണങ്ങൾ ഒഴിവാക്കി മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ. ഹിമാചലുമായിട്ടുള്ള ഒരു മാസത്തെ വൈദ്യുതി കരാർ കാലാവധി രണ്ട് ദിവസത്തിനുള്ളിൽ അവസാനിക്കാൻ ഇരിക്കെ, പ്രതിസന്ധി ഒഴിവാക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് കെഎസ്ഇബി അധികൃതർ.




