കള്ളുഷാപ്പുകളിൽ സ്ത്രീകൾക്ക് തൊഴിലെടുക്കാം; തൊഴിൽ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഇനി മുതൽ കള്ളുഷാപ്പുകളിലും സ്ത്രീകൾക്ക് ജോലി ചെയ്യാം. കള്ളുഷാപ്പുകളിൽ സ്ത്രീകളെ നിയമിക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേരള അബ്കാരി ഷോപ്സ് ഡിസ്പോസൽ ചട്ടം 7(37) ഭരണഘടനാ വിരുദ്ധമാണെന്നും, ഇത് തുല്യതയ്ക്കുള്ള മൗലികാവകാശത്തെ ലംഘിക്കുന്നതാണെന്നും ഹൈക്കോടതി വിധിച്ചു.
സ്ത്രീകളെ ഷാപ്പുകളിൽ ജോലി ചെയ്യുന്നതിൽനിന്ന് വിലക്കുന്നതിന് പകരം, അവർക്ക് സുരക്ഷിതമായി തൊഴിലെടുക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് ചൂണ്ടിക്കാട്ടി. ലിംഗഭേദത്തിന്റെ പേരിൽ തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ ഭരണകൂടം മുൻകൈ എടുക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.
ഷാപ്പ് ജീവനക്കാരനായിരുന്ന ഭർത്താവ് മരണപ്പെട്ടതിനെത്തുടർന്ന് ആശ്രിത നിയമനം തേടി തൃശൂർ സ്വദേശിയായ സോഫി നൽകിയ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. വിദേശമദ്യ ഷോപ്പുകളിൽ ജോലി ചെയ്യാൻ സ്ത്രീകൾക്ക് നേരത്തെ തന്നെ അനുമതി ലഭിച്ചിരുന്നുവെങ്കിലും, കള്ളുഷാപ്പുകളിലെ അന്തരീക്ഷം വ്യത്യസ്തമാണെന്നും അവിടെ മദ്യം വിളമ്പുന്ന രീതികൾ സുരക്ഷിതമല്ലെന്നും ചൂണ്ടിക്കാട്ടി സർക്കാർ വാദമുയർത്തി. സ്ത്രീകളെ അതിക്രമങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കാനാണ് ഇത്തരം നിബന്ധനകൾ ഏർപ്പെടുത്തിയതെന്ന സർക്കാർ വാദം കോടതി തള്ളിക്കളഞ്ഞു.




