NEWS

വളർത്തുനായയുടെ വയറ്റിൽ നിന്ന് അഞ്ച് കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു: നാല് മണിക്കൂർ നീണ്ട ശസ്ത്രക്രിയ

അവശനിലയിലായ ലാബ്രഡോർ നായയ്ക്ക് ശസ്ത്രക്രിയ

ചേർത്തല: നടക്കാൻ പോലും കഴിയാത്ത വിധം അതീവ അവശതയിലായ വെള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയുടെ വയറ്റിൽ ട്യൂമർ കണ്ടെത്തി. നാല് മണിക്കൂർ നീണ്ടുനിന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് ഈ മുഴ നീക്കം ചെയ്തത്. ചേർത്തല വെറ്ററിനറി ക്ലിനിക്കിലാണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ചേർത്തല മായിത്തറ മുണ്ടുപറമ്പിൽ താമസിക്കുന്ന കൃഷ്ണദാസിന്റെ എട്ട് വയസ്സ് പ്രായമുള്ള ലാബ്രഡോർ നായയ്ക്കാണ് ഈ അടിയന്തര ശസ്ത്രക്രിയ വേണ്ടി വന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി ശാരീരിക ബുദ്ധിമുട്ടുകൾ കാരണം നായ ഒട്ടും അനങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് ഉടമസ്ഥർ നായയെ ചേർത്തല ഗവൺമെന്റ് വെറ്ററിനറി ക്ലിനിക്കിൽ എത്തിച്ച് ഡോ. സംഗീത് നാരായണന്റെ പരിശോധനയ്ക്ക് വിധേയമാക്കി. വിദഗ്ധ പരിശോധനയിലും സ്കാനിംഗിലും മാമറി ട്യൂമർ മൂലമുള്ള മുഴയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ഡോ. സംഗീത് നാരായണന്റെ നേതൃത്വത്തിൽ ഡോ. അശ്വനി ബാബുരാജ്, ഡോ. ശാലിനി വിൽക്കിൻസൺ, ഡോ. എസ്. ജയശ്രീ എന്നിവരടങ്ങിയ സംഘം ചേർന്ന് ശസ്ത്രക്രിയ നടത്തി.

മനുഷ്യരുടെ പ്രായവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം എൺപത് വയസ്സിന് തുല്യമാണ് നായയുടെ അവസ്ഥ. എങ്കിലും വളർത്തുമൃഗത്തോടുള്ള വലിയ സ്നേഹം കാരണം ഉടമസ്ഥർ ശസ്ത്രക്രിയയ്ക്ക് സമ്മതിക്കുകയായിരുന്നു. നിലവിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത നായ വീട്ടിൽ സുഖമായി ഓടിനടക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങിയെന്ന സന്തോഷവാർത്തയാണ് ഉടമസ്ഥർ പങ്കുവെക്കുന്നത്.

Sports ⏭️

Read News ⏭️

Back to top button