LIFESTYLE

വീട്ടിൽ തക്കാളിക്കൃഷി: കൂടുതൽ വിളവ് ലഭിക്കാൻ ഈ വിദ്യ പരീക്ഷിക്കൂ


പ്രതീകാത്മക ചിത്രം

വീടുകളിൽ അടുക്കളത്തോട്ടം ഒരുക്കുന്നവർ ഏറെ നേരിടുന്നൊരു വെല്ലുവിളിയാണ് പച്ചക്കറികളിലെ കീടബാധ. പ്രത്യേകിച്ച് തക്കാളിച്ചെടികളിൽ വളരെ വേഗത്തിൽ കീടങ്ങൾ വ്യാപിക്കാറുണ്ട്. എങ്കിലും കൃത്യമായ പരിപാലനവും ശ്രദ്ധയും നൽകിയാൽ കീടങ്ങളെ തുരത്തി മികച്ച വിളവെടുപ്പ് സാധ്യമാക്കാൻ സാധിക്കും. ചെറിയ ചില മുൻകരുതലുകളും ജൈവ രീതിയിലുള്ള പ്രതിരോധങ്ങളും സ്വീകരിച്ചാൽ തക്കാളിച്ചെടിയെ കീടങ്ങളിൽനിന്ന് സംരക്ഷിക്കാം.


ഒരു ലിറ്റർ വെള്ളത്തിൽ അഞ്ചു മില്ലി വേപ്പെണ്ണ, അല്പം സോപ്പ് ലായനി, അതുപോലെ വെളുത്തുള്ളിയും കാന്താരിയും അരച്ചുചേർത്ത നീര് എന്നിവ യോജിപ്പിച്ച് തളിക്കുന്നത് കീടങ്ങളെ നശിപ്പിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്. ആഴ്ചയിലൊരിക്കൽ ഈ മിശ്രിതം ചെടികളിൽ സ്പ്രേ ചെയ്യുന്നത് വെള്ളീച്ച, ഇലപ്പേൻ തുടങ്ങിയ കീടങ്ങളെ ഫലപ്രദമായി അകറ്റാൻ സഹായിക്കും.
ചെറിയ പ്രാണികളെയും വെള്ളീച്ചകളെയും ആകർഷിച്ച് കെണിയിലാക്കാൻ തോട്ടത്തിൽ മഞ്ഞക്കെണികൾ വെക്കുന്നത് നല്ലതാണ്. ചെടികളുടെ ഉയരത്തിന് അനുസൃതമായി വേണം ഇവ ക്രമീകരിക്കാൻ.
അടുക്കളത്തോട്ടത്തിൽ തക്കാളിക്കൊപ്പം ജമന്തിച്ചെടികൾ നട്ടുപിടിപ്പിക്കുന്നത് കീടശല്യം കുറയ്ക്കാൻ വലിയൊരു സഹായമാണ്. ജമന്തിയുടെ വേരുകൾക്ക് തക്കാളിച്ചെടിക്ക് ഭീഷണിയായ നൂൽപ്പുഴുക്കളെ നശിപ്പിക്കാനുള്ള ശേഷിയുണ്ട്. കൂടാതെ ജമന്തിപ്പൂക്കളുടെ ശക്തമായ മണം പ്രാണികളെ ദൂരെനിർത്താനും സഹായിക്കുന്നു.
ചെടിയുടെ മുകളിലേക്ക് വെള്ളം നനയ്ക്കാതെ ചുവട്ടിൽ മാത്രം വെള്ളം ഒഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
മണ്ണിൽനിന്നും ഇലകൾ വഴിയുമാണ് രോഗങ്ങളും കീടങ്ങളും കൂടുതലായി പടരുന്നത്. അതുകൊണ്ട്, ചെടിയുടെ തടത്തിൽനിന്ന് ഒരടി ഉയരത്തിലുള്ള താഴത്തെ ഇലകൾ കൃത്യമായ ഇടവേളകളിൽ നീക്കം ചെയ്യുക.

Sports ⏭️

Back to top button