പല്ലികളെ തുരത്താൻ ഒരു നുള്ള് കാപ്പിപ്പൊടി മതി: ഫലപ്രദമായ വഴികൾ ഇതാ

പ്രതീകാത്മക ചിത്രം
നമ്മുടെ അടുക്കളകളിലും വീടിന്റെ ഭിത്തികളിലും നിത്യസന്ദർശകരാണ് പല്ലികൾ. പാചകം ചെയ്യുന്ന സമയത്തും ഭക്ഷണം പാത്രങ്ങളിൽ തുറന്നുവെക്കുമ്പോഴും ഇവയുടെ സാന്നിധ്യം വീട്ടമ്മമാർക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഭക്ഷണത്തിൽ പല്ലി വീഴുമോ എന്ന ഭയം പലരെയും അസ്വസ്ഥരാക്കാറുണ്ട്. വിപണിയിൽ ലഭിക്കുന്ന രാസവസ്തുക്കൾ പല്ലികളെ തുരത്താൻ ഫലപ്രദമാണെങ്കിലും, ചെറിയ കുട്ടികളുള്ള വീടുകളിൽ അവ ഉപയോഗിക്കുന്നത് വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തും. എന്നാൽ, അത്തരം അപകടകരമായ കെമിക്കലുകളെ ആശ്രയിക്കാതെ തന്നെ ലളിതമായ പ്രകൃതിദത്ത മാർഗങ്ങളിലൂടെ പല്ലികളെ അകറ്റി നിർത്താൻ നമുക്ക് സാധിക്കും. വീട്ടിൽ സുലഭമായ ചില വസ്തുക്കൾ ഉപയോഗിച്ച് പല്ലികളെ തുരത്താനുള്ള ഫലപ്രദമായ വഴികൾ താഴെ നൽകുന്നു.
കാപ്പിപ്പൊടി
സമതുലിതമായ അളവിൽ കാപ്പിപ്പൊടിയും കുരുമുളക് പൊടിയും യോജിപ്പിച്ച ശേഷം പല്ലികൾ വിഹരിക്കുന്ന സ്ഥലങ്ങളിൽ വിതറി വെക്കുക. ഈ മിശ്രിതത്തിന്റെ മണം പല്ലികൾക്ക് തീരെ ഇഷ്ടമല്ല. ഇത് കഴിക്കുന്നത് അവയുടെ ആരോഗ്യത്തെ ബാധിക്കുന്നതിനാൽ വീടിന്റെ പരിസരത്തുനിന്നും പല്ലികൾ ഒഴിഞ്ഞുപോവുകയും ചെയ്യും.
ഉള്ളി
പല്ലികളെ ഭയന്നോടിക്കാൻ ഏറ്റവും ഉചിതമായ മറ്റൊരു വഴിയാണ് ഉള്ളി. സവാള കഷ്ണങ്ങളാക്കി മുറിച്ച ശേഷം ജനലുകൾക്ക് അരികിലും പല്ലികൾ വരാൻ സാധ്യതയുള്ള ഇടങ്ങളിലും വെച്ചുനോക്കൂ. ഉള്ളിയുടെ രൂക്ഷഗന്ധം അസഹ്യമായതുകൊണ്ട് പല്ലികൾ പിന്നീട് അങ്ങോട്ടേക്ക് അടുക്കുകയേയില്ല.
മയിൽപീലി
പല്ലികളുടെ പ്രധാന ശത്രുവാണ് മയിൽപീലിയെന്ന വിശ്വാസമാണ് അവയെ അകറ്റി നിർത്താൻ സഹായിക്കുന്നത്. മയിൽപീലിയെ കാണുമ്പോൾ പല്ലികൾക്ക് ഭയം അനുഭവപ്പെടുകയും, അതിനാൽ തന്നെ അവ മയിൽപീലി വെച്ചിരിക്കുന്ന ഇടങ്ങളിലേക്ക് കടന്നുവരാൻ മടിക്കുകയും ചെയ്യും.
തണുത്തവെള്ളം
അമിതമായ തണുപ്പ് അശേഷം സഹിക്കാൻ കഴിയാത്ത ജീവികളാണ് പല്ലികൾ. ഇവയെ കാണുന്ന സമയത്ത് നേരിട്ട് തണുത്ത വെള്ളം തളിച്ചാൽ പല്ലികൾ പെട്ടെന്ന് തന്നെ അവിടെ നിന്ന് മാറുകയും പിന്നീട് തിരികെ വരാൻ സാധ്യത കുറയുകയും ചെയ്യും.
കുരുമുളക് സ്പ്രേ
പല്ലികളെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമാണ് കുരുമുളക്. കുരുമുളക് പൊടിയും അൽപം മുളകുപൊടിയും ചേർത്ത് വെള്ളത്തിൽ കലക്കി ഒരു സ്പ്രേ കുപ്പിയിലാക്കി വെക്കുക. പല്ലികൾ അധികമായി വരുന്ന സ്ഥലങ്ങളിൽ ഈ ലായനി സ്പ്രേ ചെയ്യുന്നത് അവയെ തുരത്താൻ മികച്ച മാർഗമാണ്.
RELATED TOPICS: COFFEE POWDER TO REPEL LIZARDS, LIZARD REPELLENT HOME REMEDIES, HOW TO GET RID OF LIZARDS, NATURAL LIZARD REPELLENT, LIZARD PROBLEM AT HOME




