LIFESTYLE

സെയ്ഫ് അലി ഖാന്റെ 800 കോടി രൂപയുടെ പട്ടൗഡി കൊട്ടാരവും അതിനു പിന്നിലെ വിവാഹ ചരിത്രവും

ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ ഉടമസ്ഥതയിലുള്ള വിഖ്യാതമായ പട്ടൗഡി കൊട്ടാരം വാസ്തുവിദ്യയുടെ വിസ്മയമാണ്. ഗുരുഗ്രാമിൽ നിന്നും ഏതാണ്ട് 30 കിലോമീറ്റർ അകലെയായാണ് അതിമനോഹരമായ ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. വിശാലമായ ഗോതമ്പുപാടങ്ങൾക്കിടയിൽ തലയുയർത്തി നിൽക്കുന്ന ഈ വെളുത്ത നിറത്തിലുള്ള ഇരുനില കെട്ടിടം കാഴ്ചക്കാരിൽ കൗതുകമുണർത്തുന്ന ഒന്നാണ്.

സെയ്ഫ് അലി ഖാന്റെ മുത്തച്ഛനും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമായിരുന്ന നവാബ് ഇഫ്തിഖാർ അലി ഖാൻ പട്ടൗഡിയാണ് ഈ കൊട്ടാരത്തിന്റെ നിർമ്മാണത്തിന് മുൻകൈ എടുത്തത്. ഇതിനു പിന്നിലൊരു രസകരമായ ചരിത്രമുണ്ട്. ഭോപ്പാലിലെ അവസാനത്തെ ഭരണാധികാരിയായിരുന്ന നവാബ് ഹമീദുള്ള ഖാന്റെ മകൾ ബീഗം സജിദ സുൽത്താനുമായുള്ള വിവാഹത്തിന് മുന്നോടിയായാണ് ഇഫ്തിഖാർ അലി ഖാൻ ഇങ്ങനെയൊരു തീരുമാനമെടുത്തത്. തന്റെ പൂർവ്വിക ഭവനം വധുവിന്റെ രാജകീയ ജീവിതശൈലിക്ക് ഒട്ടും അനുയോജ്യമല്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഒരു കൊട്ടാരം തന്നെ പണികഴിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. കൊളോണിയൽ ശൈലിയിൽ രൂപകല്പന ചെയ്ത ഈ കെട്ടിടത്തിന്റെ പ്രധാന ശില്പി റോബർട്ട് ടോർ റസലായിരുന്നു. കാൾ മാൾട്ടെ വോൺ ഹെയ്ൻസ് അദ്ദേഹത്തിന് നിർമ്മാണത്തിൽ സഹായമേകി.

പട്ടൗഡി നാട്ടുരാജ്യത്തിന്റെ അവസാനത്തെ ഭരണാധികാരിയും ഇതിഹാസ ക്രിക്കറ്റ് താരവുമായ ‘ടൈഗർ പട്ടൗഡി’ എന്നറിയപ്പെടുന്ന മൻസൂർ അലി ഖാൻ പട്ടൗഡി 2011 സെപ്റ്റംബർ 22-നാണ് വിടവാങ്ങിയത്. പിതാവിന്റെ വിയോഗത്തിന് ശേഷം, നീംറാന ഗ്രൂപ്പ് ഓഫ് ഹോട്ടൽസിന് ഈ കൊട്ടാരം വാടകയ്ക്ക് നൽകിയിരുന്നുവെന്നും എന്നാൽ 2014-ഓടെ അത് തിരികെ സ്വന്തമാക്കിയെന്നും സെയ്ഫ് അലി ഖാൻ മുൻപൊരിക്കൽ വെളിപ്പെടുത്തിയിരുന്നു.

800 കോടി രൂപ മതിപ്പുവിലയുള്ള ഈ കൊട്ടാരത്തെ ‘ഇബ്രാഹിം കോഠി’ എന്നും വിളിക്കാറുണ്ട്. ഏകദേശം 150-ഓളം മുറികൾ ഉൾക്കൊള്ളുന്നതാണ് ഈ കൊട്ടാരം. ഏഴ് കിടപ്പുമുറികൾ, ബില്യാർഡ്‌സ് കളിക്കാനുള്ള പ്രത്യേക സൗകര്യങ്ങൾ, അത്യാഡംബരപൂർണ്ണമായ ഡൈനിങ് ഹാളുകൾ എന്നിവ ഇവിടുത്തെ പ്രത്യേകതകളാണ്. കണ്ണഞ്ചിപ്പിക്കുന്ന പൂന്തോട്ടങ്ങളും വിശാലമായ പുൽത്തകിടികളും നീന്തൽക്കുളവും ഈ കൊട്ടാരത്തിന് കൂടുതൽ മിഴിവേകുന്നു. സെയ്ഫിന്റെ കുടുംബം ഇടയ്ക്കിടെ ഇവിടെ വിശ്രമവേളകൾ ചെലവഴിക്കാറുണ്ട്. നിരവധി ബോളിവുഡ് ചിത്രങ്ങളുടെയും വെബ് സീരീസുകളുടെയും ഷൂട്ടിംഗ് ലൊക്കേഷൻ കൂടിയാണ് ഈ പ്രൗഢമായ കൊട്ടാരം.

മംഗൾ പാണ്ഡെ, വീർസാറ, താണ്ഡവ്, രംഗ് ദേ ബസന്തി, ഗാന്ധി മൈ ഫാദർ, മേരേ ബ്രദർ കി ദുൽഹൻ തുടങ്ങി ഒട്ടനവധി പ്രശസ്തമായ സിനിമകളും വെബ് സീരീസുകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

Sports ⏭️

Back to top button