സെയ്ഫ് അലി ഖാന്റെ 800 കോടി രൂപയുടെ പട്ടൗഡി കൊട്ടാരം: ഉടമസ്ഥതയിലെ പ്രണയകഥയും ചരിത്രവും

ബോളിവുഡ് താരം സെയ്ഫ് അലിഖാന്റെ ഉടമസ്ഥതയിലുള്ള വിഖ്യാതമായ പട്ടൗഡി കൊട്ടാരം സഞ്ചാരികളുടെയും സിനിമാപ്രേമികളുടെയും എന്നും അത്ഭുതമാണ്. ഗുരുഗ്രാമിൽ നിന്നും ഏകദേശം 30 കിലോമീറ്റർ മാത്രം അകലെയുള്ള ഈ മനോഹരമായ നിർമ്മിതി, വിശാലമായ ഗോതമ്പുപാടങ്ങൾക്കിടയിൽ തലയുയർത്തി നിൽക്കുന്ന വെളുത്ത നിറത്തിലുള്ള ഒരു കൊളോണിയൽ മാളികയാണ്.
സെയ്ഫ് അലിഖാന്റെ മുത്തച്ഛനും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിച്ചിരുന്ന നവാബ് ഇഫ്തിഖാർ അലിഖാൻ പട്ടൗഡിയാണ് ഈ കൊട്ടാരത്തിന്റെ നിർമ്മാണത്തിന് മുൻകൈ എടുത്തത്. ഇതിനു പിന്നിലൊരു രസകരമായ ചരിത്രമുണ്ട്. ഭോപ്പാലിലെ അവസാനത്തെ നവാബായിരുന്ന ഹമീദുള്ള ഖാന്റെ മകൾ ബീഗം സജിദ സുൽത്താനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ സമയത്തായിരുന്നു ഇത്. തന്റെ കുടുംബവീട് വധുവിന്റെ രാജകീയ പാരമ്പര്യത്തിന് ഒട്ടും ചേർന്നതല്ലെന്ന് തോന്നിയ അദ്ദേഹം, അതിമനോഹരമായ ഒരു കൊട്ടാരം പണിയാൻ തീരുമാനിക്കുകയായിരുന്നു. കൊളോണിയൽ മാതൃകയിൽ പ്രശസ്തരായ റോബർട്ട് ടോർ റസലും കാൾ മാൾട്ടെ വോൺ ഹെയ്ൻസും ചേർന്നാണ് ഈ മാളികയുടെ രൂപകല്പന പൂർത്തിയാക്കിയത്.
പട്ടൗഡി നാട്ടുരാജ്യത്തിന്റെ അവസാനത്തെ ഭരണാധികാരിയും പ്രശസ്ത ക്രിക്കറ്റ് താരവുമായിരുന്ന ‘ടൈഗർ പട്ടൗഡി’ എന്നറിയപ്പെടുന്ന മൻസൂർ അലി ഖാൻ 2011 സെപ്റ്റംബർ 22-ന് വിടവാങ്ങിയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഈ കൊട്ടാരം നീംറാന ഗ്രൂപ്പ് ഓഫ് ഹോട്ടൽസിന് നടത്തിപ്പിനായി നൽകിയിരുന്നതായി സെയ്ഫ് അലിഖാൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, വർഷങ്ങൾക്ക് ശേഷം 2014-ൽ സെയ്ഫ് ഈ കുടുംബസ്വത്ത് തിരിച്ചെടുക്കുകയുണ്ടായി.
‘800 കോടി രൂപയുടെ പാലസിനുള്ളിൽ’
ഇബ്രാഹിം കോഠി എന്ന പേരിലും അറിയപ്പെടുന്ന ഈ കൊട്ടാരത്തിൽ ഏകദേശം 150-ഓളം മുറികളാണുള്ളത്. ഏഴ് വിപുലമായ കിടപ്പുമുറികൾ, ആഡംബരം തുളുമ്പുന്ന ഡൈനിംഗ് ഹാളുകൾ, ബില്യാർഡ്സ് കളിക്കാനുള്ള പ്രത്യേക മുറികൾ എന്നിവ ഇവിടെയുണ്ട്. കണ്ണഞ്ചിപ്പിക്കുന്ന പൂന്തോട്ടങ്ങളും വിശാലമായ നീന്തൽക്കുളവും ഈ കൊട്ടാരത്തിന്റെ മാറ്റുകൂട്ടുന്നു. സെയ്ഫിന്റെ കുടുംബം ഇടയ്ക്കിടെ ഇവിടെ വിശ്രമിക്കാനായി എത്താറുണ്ട്. കൂടാതെ, നിരവധി ബോളിവുഡ് സിനിമകളുടെയും വെബ് സീരീസുകളുടെയും പ്രധാന ലൊക്കേഷനായും പട്ടൗഡി പാലസ് മാറാറുണ്ട്.
മംഗൾ പാണ്ഡെ, വീർസാറ, രംഗ് ദേ ബസന്തി, ഗാന്ധി മൈ ഫാദർ, മേരേ ബ്രദർ കി ദുൽഹൻ തുടങ്ങിയ സിനിമകളും, താണ്ഡവ് പോലുള്ള ജനപ്രിയ വെബ് സീരീസുകളും ചിത്രീകരിച്ചത് ഈ കൊട്ടാരത്തിന്റെ പരിസരത്താണ്.




