BUSINESS

എഐ തൊഴിൽ തട്ടിയെടുക്കുമെന്ന ആശങ്ക അസ്ഥാനത്ത്; വരാനിരിക്കുന്നത് അവസരങ്ങളുടെ വസന്തകാലമെന്ന് സമ്പാദ്യം സമ്മിറ്റ്

കൊച്ചി∙ നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എന്നത് ഒഴിച്ചുകൂടാനാവാത്ത യാഥാർഥ്യമാണെന്നും, ബിസിനസ് രംഗമുൾപ്പെടെയുള്ള എല്ലാ മേഖലകളിലും ഇതിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും പ്രമുഖരുടെ അഭിപ്രായം. എഐയുടെ കടന്നുവരവ് തൊഴിൽ നഷ്ടത്തിന് കാരണമാകുമെന്ന ആശങ്കകൾ അസ്ഥാനത്താണെന്നും, ഇത് ഒരു താൽക്കാലിക പരിവർത്തനം മാത്രമാണെന്നും വിഎസ്ടി ടില്ലേഴ്സ് ട്രാക്ടേഴ്സ് ലിമിറ്റഡ് സിഇഒ ആന്റണി ചെറുകര, പിവലെന്റ് എഐ സഹസ്ഥാപകനും സിഒഒയുമായ അരുൺ രാജ് എന്നിവർ ചൂണ്ടിക്കാട്ടി. കൊച്ചിയിൽ നടന്ന മലയാള മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റിലെ ‘എഐ ആൻഡ് ബിസിനസ്: റീഇൻവെന്റിങ് ദി വേ ബിസിനസ് വർക്, കോംപീറ്റ് ആൻഡ് ഗ്രോ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

അമേരിക്കയിൽ കണ്ടുവരുന്ന ഓട്ടോണമസ് ട്രാക്ടർ സാങ്കേതികവിദ്യ ഇന്ത്യൻ കർഷകർക്ക് എങ്ങനെ ലഭ്യമാക്കാം എന്ന് സ്വന്തം അനുഭവത്തിലൂടെ ആന്റണി ചെറുകര വിവരിച്ചു. വെറും ഒരു ലക്ഷം രൂപയുടെ ചെറിയ നിക്ഷേപത്തിൽ എഞ്ചിനീയറിങ് മേഖലയിൽ തുടക്കം കുറിച്ച തങ്ങളുടെ സ്ഥാപനം, എഐയുടെ സഹായത്തോടെ ഇന്ന് കോടികളുടെ മൂല്യമുള്ള ആർ ആൻഡ് ഡി സംവിധാനത്തിലേക്ക് വളർന്നത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

എഐ എന്നത് കേവലം ഒരു താൽക്കാലിക ഡിജിറ്റൽ പ്രവണതയല്ലെന്നും ബിസിനസ് ലോകത്ത് അത് സ്ഥിരമായി നിലനിൽക്കുമെന്നും അരുൺ രാജ് പറഞ്ഞു. സംരംഭകർ എഐയെ അവഗണിക്കുന്നതിന് പകരം അതിൽ നൈപുണ്യം (എഐ ഫ്ലൂവൻസി) നേടാൻ തയ്യാറാകണം. സുരക്ഷ ഉറപ്പാക്കാൻ പൊതു പ്ലാറ്റ്‌ഫോമുകൾക്ക് പകരം എന്റർപ്രൈസ് വേർഷൻ ടൂളുകൾ തിരഞ്ഞെടുക്കണം. കൂടാതെ, നിലവിലുള്ള സിആർഎം, ഇആർപി സംവിധാനങ്ങളെ എഐയുമായി സംയോജിപ്പിച്ച് ബിസിനസ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെറുകിട കർഷകരെയും സാധാരണ ഉപഭോക്താക്കളെയും സേവിക്കുമ്പോൾ കുറഞ്ഞ ചെലവിൽ ഉയർന്ന ഗുണനിലവാരം ഉറപ്പാക്കാൻ എഐ സഹായിക്കുന്നുണ്ടെന്ന് ആന്റണി ചെറുകര പറഞ്ഞു. കർഷകരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ‘കോൺടെക്ച്വൽ വർക്ക്ബെഞ്ചുകൾ’ ഒരുക്കുമ്പോഴാണ് എഐയുടെ പ്രയോജനം പൂർണ്ണമാകുന്നത്. വൻകിട കമ്പനികൾ മുതൽ ചെറിയ സംരംഭങ്ങൾ വരെ ദൈനംദിന കാര്യങ്ങളിൽ എഐയെ ഒരു ഘടകമായി ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ഉപദേശിച്ചു.

തൊഴിൽ നഷ്ടത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് മറുപടിയായി, വരാനിരിക്കുന്ന മാറ്റം താൽക്കാലികമാണെന്ന് ഇരുവരും ഉറപ്പിച്ചു പറഞ്ഞു. എഐയുടെ വരവോടെ ആഗോള സാമ്പത്തിക വളർച്ച വേഗത്തിലാവുമെന്നും, വരും പതിറ്റാണ്ടിൽ സമ്പദ്‌വ്യവസ്ഥ ഇരട്ടിയാകാൻ സാധ്യതയുണ്ടെന്നും ആന്റണി ചെറുകര കൂട്ടിച്ചേർത്തു. തുടക്കത്തിൽ ചെറിയ പ്രയാസങ്ങൾ ഉണ്ടാകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് വിപുലമായ തൊഴിലവസരങ്ങൾക്കാണ് വഴിയൊരുക്കുന്നത്.

മാറിവരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ തലമുറ നിരന്തരം നൈപുണ്യ വികസനം നടത്തേണ്ടതുണ്ടെന്ന് അരുൺ രാജ് ഓർമ്മിപ്പിച്ചു. എഐ ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾ നടപ്പിലാക്കുമ്പോൾ സിവിൽ, മെക്കാനിക്കൽ എഞ്ചിനീയർമാരും മറ്റ് സാങ്കേതിക വിദഗ്ധരും അടക്കം വലിയൊരു വിഭാഗം മനുഷ്യവിഭവശേഷി ആവശ്യമായി വരും. അതിനാൽ തന്നെ കോർ എഞ്ചിനീയറിങ് ജോലികൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കും. എഐ വളർച്ചയ്ക്ക് വേഗത നൽകുമെങ്കിലും, കുറഞ്ഞ കാലയളവിൽ ചില മേഖലകളിൽ തടസങ്ങൾ ഉണ്ടായേക്കാം. എങ്കിലും അടുത്ത പത്ത് വർഷത്തിനുള്ളിൽ എഐ ഇല്ലാതാക്കുന്നതിനേക്കാൾ വലിയൊരു തൊഴിൽ വിപണി ഈ സാങ്കേതികവിദ്യ തന്നെ സൃഷ്ടിക്കുമെന്നും അരുൺ രാജ് വ്യക്തമാക്കി.

Travel ⏭️

Back to top button