നിപ രോഗികൾക്ക് നൽകിയ മരുന്ന് കാലാവധി കഴിഞ്ഞതെന്ന് സംശയം, പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്ന് മന്ത്രി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ രോഗികൾക്ക് നൽകിയ റെംഡെസിവിർ മരുന്ന് കാലാവധി കഴിഞ്ഞതാണോ എന്ന് സംശയമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ നിയമസഭയിൽ പറഞ്ഞു. 2021ൽ വാങ്ങിയ മരുന്നിന്റെ കാലാവധി 2023 മേയ് വരെയാണെന്നും 2024ലും 25ലും ഉപയോഗിച്ചെന്നും പറഞ്ഞ മന്ത്രി ഈ മരുന്ന് ഉപയോഗിച്ചത് കൊണ്ടാണോ നിപ ബാധിതർ മരിച്ചതെന്ന് പരിശോധിക്കുമെന്നും ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചെന്നും അറിയിച്ചു.
നിപ രോഗികൾക്ക് 2023ൽ കാലാവധി കഴിഞ്ഞ മരുന്ന് 2024ലും 2025ലും നൽകിയെന്നാണ് ആരോഗ്യമന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടി. 2023 മേയ് 30ന് കാലാവധി കഴിഞ്ഞെങ്കിലും അതിന് ശേഷവും അതേ വർഷം മരുന്ന് നൽകിയെന്നാണ് മന്ത്രി പറയുന്നത്. മാത്യു കുഴൽനാടൻ എംഎൽഎയുടെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്.
സബ്മിഷനുള്ള മന്ത്രി കെ.മുരളീധരന്റെ മറുപടി
‘നിപ, കൊവിഡ് പോലുള്ള അസുഖങ്ങൾക്ക് നൽകി വരുന്ന മരുന്നാണ് Remdesivir. അടിയന്തര സാഹചര്യം നേരിടുന്നതിന്റെ ഭാഗമായി രോഗികളുടെ ചികിത്സയ്ക്കും ജീവൻ രക്ഷാ ആവശ്യങ്ങൾക്കുമായി Remdesivir മരുന്ന് കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ മുഖേന മാത്രമേ ആരോഗ്യ സ്ഥാപനങ്ങളിൽ വിതരണം ചെയ്തിരുന്നുള്ളൂ.
അവസാനമായി 03-06-2021-ലാണ് KMSCL കാരുണ്യ വഴി Remdesivir വാങ്ങിയത്. ഈ 3000 വയലിന്റെ ആകെ വില 42 ലക്ഷം രൂപയാണ്. ഇപ്രകാരം വാങ്ങി വിതരണം ചെയ്ത Remdesivir മരുന്നിന്റെ എക്സ്പയറി ഡേറ്റ് 30-05-2023 ആയിരുന്നു.
Remdesivir അവശ്യമരുന്ന് വിഭാഗത്തിൽപ്പെട്ട നോ ബിഡർ ഇനമായതിനാൽ കാരുണ്യ വഴി മാത്രമേ വാങ്ങിയിട്ടുള്ളൂ. കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നും ലഭിച്ച റിപ്പോർട്ട് പ്രകാരം Remdesivir മരുന്ന് 2023-24 സാമ്പത്തിക വർഷം 102 വയലും 2024-25 സാമ്പത്തിക വർഷം 34 വയലും 2025-26 സാമ്പത്തിക വർഷം 10 വയലും 2026-27 വർഷം 50 വയലും ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ, 2026-27 സാമ്പത്തിക വർഷം ഉപയോഗിച്ച 50 വയൽ മരുന്ന് 2026 ജൂൺ 12-ന് ബെഹറിനിൽ നിന്ന് വരുത്തി നിപ രോഗിക്ക് നൽകിയതാണ്.
ഈ സാഹചര്യത്തിൽ, കോഴിക്കോട് മെഡിക്കൽ കോളേജിലെ രേഖകളനുസരിച്ച് 2023, 2024, 2025 വർഷങ്ങളിൽ രോഗികൾക്ക് നൽകിയ Remdesivir മരുന്ന് കാലാവധി കഴിഞ്ഞിരുന്നതാണെന്ന് സംശയിക്കുന്നു. ആയതിനാൽ, ഡി.എം.ഇ., ഡി.എച്ച്.എസ്. മുഖാന്തിരം സമാനരീതിയിൽ Remdesivir മരുന്ന് നൽകിയിട്ടുള്ള മുഴുവൻ രോഗികളുടെയും വിവരങ്ങൾ ലഭ്യമാക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.
2023-ൽ ആറ് നിപ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ രണ്ടുപേരും 2024-ൽ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ രണ്ടുപേരും 2025-ൽ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ രണ്ടുപേരും മരണപ്പെട്ടിരുന്നു. 2026-ൽ ഒരു കേസ് റിപ്പോർട്ട് ചെയ്തെങ്കിലും രോഗി സുഖം പ്രാപിക്കുകയുണ്ടായി. കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിച്ചതുകൊണ്ടാണോ നിപ ബാധിതരായ രോഗികൾ മരണപ്പെട്ടതെന്നും മരുന്ന് നൽകിയ മറ്റ് രോഗികൾക്ക് എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടോയെന്നും പരിശോധിക്കുന്നതിന് ഇൻഫക്ഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദമായി അന്വേഷണം നടത്തുന്നതിന് നിർദേശം നൽകുന്നതാണ്’.
RELATED TOPICS: NIPAH VIRUS MEDICINE, EXPIRED MEDICINE SUSPICION, നിപ രോഗികൾ, NIPAH TREATMENT KERALA, NIPAH MEDICINE CONTROVERSY
Read News ⏭️




