ഇന്ത്യൻ ക്രിക്കറ്റിന്റെ അടിത്തറ ഗ്രാസ്റൂട്ട് ടൂർണമെന്റുകൾ: മിഥുൻ മൻഹാസ്

തൃപ്പൂണിത്തുറ ∙ പ്രാദേശിക തലത്തിൽ ക്രിക്കറ്റിന് വലിയ പ്രചാരണം നൽകേണ്ടത് ഇന്നത്തെ കാലത്ത് അത്യന്താപേക്ഷിതമാണെന്ന് ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസ് അഭിപ്രായപ്പെട്ടു. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് ഒരുക്കുന്ന ഓൾ ഇന്ത്യ പൂജ നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്റിന്റെ കലാശക്കൊട്ട് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ചടങ്ങിനിടെ മലയാള മനോരമയുമായി അദ്ദേഹം പങ്കുവെച്ച വിശേഷങ്ങൾ.
∙ കേരളത്തിലെ ക്രിക്കറ്റ് താരങ്ങളെയും ഇവിടുത്തെ സൗകര്യങ്ങളെയും എങ്ങനെ നോക്കിക്കാണുന്നു?
കേരളത്തിലെ ക്രിക്കറ്റ് പ്രതിഭകളെയും അടിസ്ഥാന സൗകര്യ വികസനത്തെയും വലിയ പ്രതീക്ഷയോടെയാണ് ബിസിസിഐ ഉറ്റുനോക്കുന്നത്. എല്ലാ സംസ്ഥാന അസോസിയേഷനുകൾക്കും ഒരേപോലെ വളരാനുള്ള സാഹചര്യമൊരുക്കുകയാണ് ബോർഡിന്റെ ലക്ഷ്യം. കഴിഞ്ഞ കുറച്ചു കാലങ്ങളായി നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞ കേരളം വളരെ മികച്ച രീതിയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
∙ വനിതാ ക്രിക്കറ്റിന്റെ വളർച്ചയ്ക്കു വേണ്ടി സംസ്ഥാന അസോസിയേഷനുകളിൽ നിന്നും എന്തുതരം പ്രോത്സാഹനമാണ് ലഭിക്കുന്നത്?




