NEWS

മന്ത്രിമാർക്ക് 1,​33,​000 രൂപ,​ എംഎൽഎമാർക്ക് 98000,​ നിയമസഭാംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിക്കും

കേരള നിയമസഭ

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാനുള്ള ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. നാളെ ബിൽ നിയമസഭ പാസാക്കും. എംഎൽഎമാരുടെ ശമ്പളം 70,​000 രൂപയിൽ നിന്ന് 98,​000 രൂപയാകും. മന്ത്രിമാരുടെ പുതിയ ശമ്പളം 1,​33,​000 രൂപയാകും. ശമ്പളം കൂട്ടുന്നതിനുള്ള പഠനറിപ്പോർട്ടിലെ ശുപാർശ കണക്കിലെടുത്താണ് തീരുമാനം. 30 ശതമാനമാണ് വർദ്ധന.

വിലവർദ്ധന,​ പെട്രോൾ ചാർജ് അങ്ങനെ എല്ലാത്തരത്തിലും പ്രയാസമുള്ളതിനാൽ ശമ്പളവർദ്ധന അനിവാര്യമാണെന്ന് റവന്യു മന്ത്രി സണ്ണി ജോസഫ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വിഷയം ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ചചെയ്യുകയും സഭയിൽ ബില്ലായി അവതരിപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

ഇതിനുമുൻപ് എംഎൽഎമാരുടെ ശമ്പളവ‌ർദ്ധന നടപ്പായത് 2018ലായിരുന്നു. നാളെ നിലവിൽ വരുന്ന വർദ്ധന പ്രകാരം 35 ശതമാനം ഉയർച്ചയാകും ഉണ്ടാകുക. എംഎൽഎമാരുടെ സിറ്റിംഗ് ഫീസ്,​ ചികിത്സാ പരിധി,​ ടെലഫോൺ ചാർജ് ഇവയും മറ്റ് ആനുകൂല്യങ്ങളുമാണ് കൂടുക. ഒരു എംഎൽഎയ്‌ക്ക് നിശ്ചിത അലവൻസ് 2000 രൂപയും മണ്ഡലം അലവൻസ് 25000 രൂപയും ടെലിഫോൺ അലവൻസ് 11000 രൂപയും ഇൻഫർമേഷൻ അലവൻസ് 4000 രൂപയും മിനിമം യാത്രാക്കൂലി 20000 എന്നിവയാണ് ലഭിക്കുക. ഇതിനുപുറമേ ഓരോ കിലോമീറ്റർ യാത്രക്ക് അധികമായി 10 രൂപ,​ റെയിൽവെ കൂപ്പൺ- വർഷം നാലുലക്ഷം രൂപ,​ സംസ്ഥാനത്തിനകത്ത് 1000,​ പുറത്ത് 1200 രൂപ ദിനബത്ത എന്നിവയുണ്ട്.

ഇതിനുപുറമേ ചികിത്സാചെലവ്,​ കെഎസ്ആർടിസിയിൽ സൗജന്യയാത്ര,​ പലിശരഹിത വാഹനവായ്‌പ 10 ലക്ഷം,​ കുറഞ്ഞപലിശയിൽ ഭവനവായ്‌പ 20 ലക്ഷം വരെ,​ പുസ്‌തക അലവൻസ് 15000 രൂപ എന്നിവ ലഭിക്കും. ഇതിനുപുറമേ എംഎൽഎയായിരുന്ന കാലാവധി അനുസരിച്ച് 8000 മുതൽ 20,​000 വരെ പെൻഷൻ കിട്ടും.

മന്ത്രിമാർക്ക് അടിസ്ഥാന ശമ്പളം 2000 രൂപയാണ്. ക്ഷാമബത്ത 28249,​ മണ്ഡല അലവൻസ്-40.000. യാത്രാബത്ത 17000 എന്നിവ ലഭിക്കും. ഇതിനൊപ്പം സകുടുംബത്തിനും ചികിത്സാ പരിരക്ഷ,​ വാഹന അഡ്വാൻസ് 10ലക്ഷം,​ ഭവന അഡ്വാൻസ് 20 ലക്ഷം എന്നിവ ലഭിക്കും. മന്ത്രിമാർക്ക് ഔദ്യോഗിക വസതി,​ വാഹനം,​ പൈലറ്റ് വാഹനം എന്നിവയും ലഭിക്കുന്നതാണ്.

Read News ⏭️

Back to top button