പശ്ചിമേഷ്യൻ യുദ്ധം: 14 നാവികരടക്കം 22 ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവം അതീവ ഗൗരവകരമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി∙ പശ്ചിമേഷ്യയിൽ നീണ്ടുനിൽക്കുന്ന സംഘർഷത്തിൽ കഴിഞ്ഞ എട്ടു മാസത്തിനിടെ 14 നാവികർ അടക്കം 22 ഇന്ത്യക്കാരുടെ ജീവൻ പൊലിഞ്ഞതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഫെബ്രുവരി 28-ന് ഇറാനിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ ഇറാനിയൻ പരമോന്നത നേതാവും ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതോടെയാണ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്. ഇതിന് മറുപടിയായി ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടിക്കുകയും, ലോകത്തിലെ പ്രധാന ചരക്ക് ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.
‘‘പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയിൽ ഞങ്ങൾ അതീവ ആശങ്കാകുലരാണ്. ഈ സാഹചര്യത്തിൽ 14 കപ്പൽ ജീവനക്കാർ ഉൾപ്പെടെ 22 ഇന്ത്യൻ പൗരന്മാരെ നഷ്ടപ്പെട്ടുവെന്നത് ഖേദകരമാണ്’’ – രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. മേഖലയിൽ നിലനിൽക്കുന്ന അതീവ ശത്രുതയുടെ പശ്ചാത്തലത്തിൽ, അവിടെയുള്ള ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാവിധ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെന്നും, അവിടുത്തെ ഇന്ത്യൻ സമൂഹവുമായി മന്ത്രാലയം നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.




