NEWS

മദ്യപിച്ച് റോഡിലിറങ്ങുന്നവർക്ക് പണി കിട്ടുന്നു; എറണാകുളത്ത് പിടിയിലായവർ ഏറെ, വടക്കൻ ജില്ലകളിൽ ആശ്വാസം

തിരുവനന്തപുരം∙ സംസ്ഥാനത്തെ റോഡുകൾ മരണക്കളമായി മാറിക്കൊണ്ടിരിക്കുമ്പോഴും മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടാകുന്നത്. കഴിഞ്ഞ പതിനഞ്ചു ദിവസത്തിനുള്ളിൽ മാത്രം ലഹരിയിൽ വാഹനമോടിച്ച 14,983 പേർക്കെതിരെയാണ് നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്. നെടുമ്പാശേരിയിൽ മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ പത്തൊൻപതുകാരൻ ഓടിച്ച കാർ ഇടിച്ച് മൂന്നു യുവാക്കൾ ദാരുണമായി മരണപ്പെട്ട സംഭവത്തിനു പിന്നാലെ സംസ്ഥാനത്തുടനീളം പൊലീസ് പരിശോധന അതീവ കർശനമാക്കിയിരുന്നു.

ഇക്കാലയളവിൽ ഏറ്റവും കൂടുതൽ പേർ പിടിയിലായത് എറണാകുളം ജില്ലയിലാണ്. എറണാകുളം റൂറൽ പരിധിയിൽ മാത്രം 1556 പേരാണ് മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായത്; സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന കണക്കാണിത്. മറ്റ് പ്രധാന ജില്ലകളിലെ വിവരങ്ങൾ ഇങ്ങനെയാണ്: കൊച്ചി സിറ്റിയിൽ 885, തിരുവനന്തപുരം സിറ്റിയിൽ 810, തിരുവനന്തപുരം റൂറൽ പരിധിയിൽ 1054, കൊല്ലം സിറ്റിയിൽ 1011, കോട്ടയത്ത് 1187, ഇടുക്കിയിൽ 1066 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.

എന്നാൽ, വടക്കൻ ജില്ലകളിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണത്തിൽ താരതമ്യേന കുറവുണ്ട്. കോഴിക്കോട് സിറ്റിയിൽ 355, റൂറൽ മേഖലയിൽ 455, വയനാട്ടിൽ 423, കണ്ണൂർ സിറ്റിയിൽ 435, കണ്ണൂർ റൂറലിൽ 339, കാസർകോട് ജില്ലയിൽ 209 പേർ എന്നിങ്ങനെയാണ് പരിശോധനയിൽ കുടുങ്ങിയവർ. വരും ദിവസങ്ങളിലും റോഡുകളിൽ കർശനമായ പരിശോധന തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.

Fashion ⏭️

Back to top button