NEWS

മദ്യപിച്ച് റോഡിലിറങ്ങുന്നവർക്ക് എട്ടിന്റെ പണി; എറണാകുളത്ത് പിടിവീഴുന്നത് കൂടുതൽ പേർക്ക്, വടക്കൻ ജില്ലകളിൽ ആശ്വാസം

തിരുവനന്തപുരം∙ സംസ്ഥാനത്ത് റോഡപകടങ്ങൾ പെരുകുന്നതിനിടെ, ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനുള്ളിൽ മാത്രം മദ്യപിച്ച് വാഹനമോടിച്ചതിന് 14,983 പേർക്കെതിരെയാണ് സംസ്ഥാന വ്യാപകമായി പോലീസ് നിയമനടപടികൾ സ്വീകരിച്ചത്. നെടുമ്പാശേരിയിൽ അമിതമായി മദ്യപിച്ചെത്തിയ പത്തൊൻപതുകാരൻ ഓടിച്ച കാറിടിച്ച് മൂന്ന് യുവാക്കൾ ദാരുണമായി മരണപ്പെട്ട സംഭവത്തിന് പിന്നാലെ, റോഡുകളിൽ പോലീസ് പരിശോധന കർശനമാക്കിയിരുന്നു.

കണക്കുകൾ പരിശോധിച്ചാൽ എറണാകുളം ജില്ലയിലാണ് നിയമലംഘകർ ഏറ്റവും കൂടുതൽ. എറണാകുളം റൂറൽ പരിധിയിൽ മാത്രം 1556 പേരാണ് ഈ കാലയളവിൽ മദ്യപിച്ചു വാഹനമോടിച്ച് പിടിയിലായത്; സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. മറ്റ് ജില്ലകളിലെ സ്ഥിതിവിവരക്കണക്കുകൾ ഇങ്ങനെ: കൊച്ചി സിറ്റി – 885, തിരുവനന്തപുരം സിറ്റി – 810, തിരുവനന്തപുരം റൂറൽ – 1054, കൊല്ലം സിറ്റി – 1011, കോട്ടയം – 1187, ഇടുക്കി – 1066 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം.

അതേസമയം, വടക്കൻ ജില്ലകളിൽ താരതമ്യേന കുറഞ്ഞ നിരക്കാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോഴിക്കോട് സിറ്റിയിൽ 355 പേരും റൂറൽ മേഖലയിൽ 455 പേരും പിടിയിലായി. വയനാട് – 423, കണ്ണൂർ സിറ്റി – 435, കണ്ണൂർ റൂറൽ – 339, കാസർകോട് – 209 എന്നിങ്ങനെയാണ് വടക്കൻ മേഖലയിലെ കണക്കുകൾ. വരും ദിവസങ്ങളിലും വാഹന പരിശോധന കൂടുതൽ ശക്തമായി തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Fashion ⏭️

Back to top button