യുപി എംഎൽസി തിരഞ്ഞെടുപ്പ്: വാരാണസിയിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; നാല് സീറ്റുകളിൽ വിജയം

ലക്നൗ∙ ഉത്തർപ്രദേശ് നിയമനിർമാണ സഭയിലെ 11 എംഎൽസി സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവേ, നാല് മണ്ഡലങ്ങളിൽ ബിജെപിക്ക് വിജയം. രണ്ട് മണ്ഡലങ്ങളിൽ സമാജ്വാദി പാർട്ടി തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. സംസ്ഥാനത്തെ നിയമനിർമാണ കൗൺസിലിലെ അംഗങ്ങളാണ് എംഎൽസിമാർ. രാജ്യത്തെ ചില സംസ്ഥാനങ്ങളിൽ മാത്രമുള്ള ദ്വിമണ്ഡല നിയമവ്യവസ്ഥയുടെ ഭാഗമാണിത്. ബിരുദധാരികൾക്കായി സംവരണം ചെയ്ത അഞ്ച് സീറ്റുകളിലേക്കും അധ്യാപകരുടെ ആറ് മണ്ഡലങ്ങളിലേക്കും ഈ മാസം 23-നായിരുന്നു വോട്ടെടുപ്പ് നടന്നത്. സാധാരണക്കാർക്ക് ഈ തിരഞ്ഞെടുപ്പിൽ വോട്ടവകാശമില്ല.
മീററ്റ്-സഹാറൻപുർ ബിരുദധാരി മണ്ഡലത്തിൽ ബിജെപിയുടെ സിറ്റിങ് എംഎൽസിയായ ദിനേഷ് ഗോയൽ, സമാജ്വാദി പാർട്ടി സ്ഥാനാർഥി പ്രമോദ് സിങ് ഭാട്ടിയെ 12,855 വോട്ടുകൾക്ക് പരാജയപ്പെടുത്തി സീറ്റ് നിലനിർത്തി. കൂടാതെ, മീററ്റ് അധ്യാപക മണ്ഡലത്തിൽ ബിജെപിയുടെ ശ്രീചന്ദ് ശർമ, സമാജ്വാദി പാർട്ടിയിലെ നിതിൻ തോമറിനെ 13,241 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി വിജയം ആവർത്തിച്ചു.




