ജീവനക്കാർക്ക് പുത്തൻ എസ്യുവികൾ സമ്മാനിച്ച് സിഇഒ; ആവേശത്തിൽ നൃത്തം ചവിട്ടി സ്റ്റാഫുകൾ!

പതിവ് ദീപാവലി സമ്മാനങ്ങൾക്കും മധുരപലഹാരങ്ങൾക്കും അപ്പുറം തങ്ങളുടെ ജീവനക്കാരുടെ അർപ്പണബോധത്തെയും അധ്വാനത്തെയും വിലമതിക്കുന്ന പുതിയൊരു മാതൃക അവതരിപ്പിച്ചിരിക്കുകയാണ് ഹരിയാനയിലെ പഞ്ചകുല ആസ്ഥാനമായി പ്രവർത്തിക്കുന്ന മിറ്റ്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മിന്നും പ്രകടനം കാഴ്ചവെച്ച നാല് ജീവനക്കാർക്ക് പുത്തൻ ‘കിയ സോണറ്റ്’ എസ്യുവികൾ സമ്മാനിച്ചാണ് കമ്പനി കോർപ്പറേറ്റ് മേഖലയിൽ ശ്രദ്ധേയമായത്. കമ്പനി സ്ഥാപകനും ചെയർമാനുമായ എം.കെ. ഭാട്ടിയയുടെ നേതൃത്വത്തിൽ ജീവനക്കാരുടെ കഴിവിനെ ആദരിച്ചുകൊണ്ട് നൽകിയ ഈ സമ്മാനങ്ങൾ ഏറെ ചർച്ചയാകുകയാണ്.
മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക്…
മിറ്റ്സ് ഹെൽത്ത്കെയർ കമ്പനിയിൽ ദീർഘകാലമായി സേവനമനുഷ്ഠിക്കുന്നവരും അസാധാരണമായ പ്രകടനം കാഴ്ചവെച്ചവരുമായ ജീവനക്കാരെ കണ്ടെത്താനായി ആവിഷ്കരിച്ച പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് ഈ കാറുകൾ വിതരണം ചെയ്തത്. അഞ്ച് വർഷത്തോളമായി ഈ സ്ഥാപനത്തിന്റെ ഭാഗമാണെന്ന് അവാർഡ് ജേതാക്കളിലൊരാൾ പ്രാദേശിക മാധ്യമങ്ങളോട് പങ്കുവെച്ചു.
ലക്കി ഡ്രോയിലൂടെ ഏവർക്കും അവസരം
മികച്ച പ്രകടനം അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പിന് പുറമെ, കൂടുതൽ ജീവനക്കാരിലേക്ക് ഈ ആനുകൂല്യം എത്തിക്കുന്നതിനായി കമ്പനി ഒരു ‘ലക്കി ഡ്രോ’യും സംഘടിപ്പിക്കുന്നുണ്ട്. കമ്പനിയിൽ കുറഞ്ഞത് ഒന്നര വർഷം (18 മാസം) പൂർത്തിയാക്കിയ യോഗ്യരായ ഏത് ജീവനക്കാരനും ഇതിൽ പങ്കാളികളാകാം. സെക്യൂരിറ്റി ജീവനക്കാർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ ഉൾപ്പെടുന്ന ഈ നറുക്കെടുപ്പിലൂടെ, കഠിനാധ്വാനം ചെയ്യുന്ന സാധാരണക്കാരായ ജീവനക്കാർക്കും തങ്ങളുടെ വലിയ സ്വപ്നങ്ങൾ കൈപ്പിടിയിലൊതുക്കാൻ വഴിയൊരുക്കുകയാണ് മിറ്റ്സ് ഗ്രൂപ്പ്.




