ഓഹരി വിപണിയിൽ ജിയോയുടെ ചരിത്രക്കുതിപ്പ്: അരങ്ങേറ്റം ഗംഭീരമാകുമെന്ന് സൂചന, വിപണി മൂല്യം 12.5 ലക്ഷം കോടിയിലേക്ക്

കൊച്ചി ∙ ഇന്ത്യൻ ഓഹരി വിപണി കണ്ടതിവെച്ചേറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് (IPO) ശേഷം, റിലയൻസ് ഗ്രൂപ്പിന്റെ ജിയോ പ്ലാറ്റ്ഫോംസ് ഇന്ന് ദലാൽ സ്ട്രീറ്റിൽ തങ്ങളുടെ അരങ്ങേറ്റം കുറിക്കുകയാണ്. ബോംബെ, നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഒരേസമയം ലിസ്റ്റ് ചെയ്യുന്ന ഓഹരികൾ മികച്ച നേട്ടത്തോടെയായിരിക്കും വ്യാപാരം ആരംഭിക്കുകയെന്ന വ്യക്തമായ സൂചനയാണ് ഗ്രേ മാർക്കറ്റ് നൽകുന്നത്.
കമ്പനി ഓഹരികളുടെ അലോട്ട്മെന്റ് നടപടികൾ ഇന്നലെ പൂർത്തിയായിരുന്നു. ഐപിഒ ലഭിച്ച നിക്ഷേപകരുടെ ഡിമാറ്റ് അക്കൗണ്ടുകളിലേക്ക് 1119 രൂപ നിരക്കിലുള്ള 12 ഓഹരികൾ വീതമുള്ള ലോട്ടുകൾ ഇന്നലെത്തന്നെ ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിലെ ഗ്രേ മാർക്കറ്റ് പ്രീമിയം കണക്കുകൾ പരിശോധിച്ചാൽ, ഏകദേശം 250 മുതൽ 260 രൂപ വരെ (22 ശതമാനം) നേട്ടത്തോടെ 1370 രൂപ നിലവാരത്തിലായിരിക്കും ഓഹരി ലിസ്റ്റ് ചെയ്യുകയെന്നാണ് കരുതപ്പെടുന്നത്. ഈ വിലയ്ക്ക് വ്യാപാരം തുടങ്ങിയാൽ, ഒരു ലോട്ട് ലഭിച്ചവർക്ക് ലിസ്റ്റിങ് സമയത്ത് തന്നെ ഏകദേശം 3000 രൂപയുടെ ലാഭം സ്വന്തമാക്കാനാകും. എന്നിരുന്നാലും, ഗ്രേ മാർക്കറ്റ് പ്രീമിയത്തിൽ മാറ്റങ്ങൾ വരാനും സാധ്യതയുണ്ട്.
ഇന്നത്തെ വ്യാപാരക്രമം പരിശോധിച്ചാൽ, രാവിലെ 9:00 മുതൽ 9:45 വരെ പ്രീ-ഓപ്പൺ സെഷൻ നടക്കും. തുടർന്ന് കൃത്യം 10 മണിക്ക് ഔദ്യോഗിക വ്യാപാരം ആരംഭിക്കും. ലിസ്റ്റിംഗോടെ ജിയോ പ്ലാറ്റ്ഫോംസിന്റെ വിപണി മൂല്യം 12.5 ലക്ഷം കോടി രൂപ മറികടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇതോടെ, റിലയൻസ് ഇൻഡസ്ട്രീസ് കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായി ജിയോ മാറിയേക്കും.
വരിക്കാരുടെ എണ്ണത്തിലുള്ള വർധന, 5ജി സേവനങ്ങളുടെ വ്യാപനം, കൂടാതെ ക്ലൗഡ്, എഐ സാങ്കേതികവിദ്യകളിലെ വൻ നിക്ഷേപങ്ങൾ എന്നിവ കണക്കിലെടുക്കുമ്പോൾ ദീർഘകാല നിക്ഷേപത്തിന് ജിയോ അനുയോജ്യമാണെന്നാണ് ആഭ്യന്തര, വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ പൊതുവായ അഭിപ്രായം. ഐപിഒയിൽ ഓഹരികൾ ലഭിക്കാത്തവർക്ക് ലിസ്റ്റിംഗിന് ശേഷം വിപണിയിൽ നിന്ന് ഓഹരികൾ വാങ്ങാൻ അവസരമുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ മാസം ജിയോയിലേക്ക് പുതുതായി ചേർന്നത് 27.13 ലക്ഷം വരിക്കാരാണ്. ഇതേ കാലയളവിൽ എയർടെലിന് 26.92 ലക്ഷം പേരെയും, വിഐയ്ക്ക് 5.50 ലക്ഷം പേരെയും, ബിഎസ്എൻഎലിന് 6.26 ലക്ഷം വരിക്കാരെയുമാണ് ലഭിച്ചത്.




