NEWS

മെമു ഷെഡ് നിർമാണം ഡിസംബറിൽ പൂർത്തിയാകും; കൊല്ലത്തിന് ഇനി മെമുക്കാലം

കൊല്ലം റെയിൽവേ സ്റ്റേഷനിലെ മെമു ഷെഡ് നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം ഡിസംബറോടെ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. ഷെഡ് പൂർണ്ണമായി പ്രവർത്തനസജ്ജമാകുന്നതോടെ ഈ മേഖലയിലെ യാത്രാപ്രശ്നങ്ങൾക്ക് വലിയൊരളവ് ആശ്വാസമേകാൻ കഴിയുന്ന വിധത്തിൽ കൂടുതൽ മെമു സർവീസുകൾ ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊല്ലം റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട മൾട്ടി ലെവൽ കാർ പാർക്കിങ്, ഗ്യാങ് റെസ്റ്റ് റൂം, സർവീസ് കെട്ടിടം, എസ്എസ്ഇ വർക്ക് കെട്ടിടം എന്നിവയുടെ പണി ഇതിനകം പൂർത്തിയായിട്ടുണ്ട്. കൂടാതെ എയർ കോൺകോഴ്സ്, ഫുട്ഓവർ ബ്രിജ്, നോർത്ത് ടെർമിനൽ കെട്ടിടം, സബ് സ്റ്റേഷൻ, പ്ലാറ്റ്ഫോം നവീകരണം എന്നിവയുടെ പ്രവൃത്തികൾ ദ്രുതഗതിയിൽ നടന്നു വരികയാണെന്ന് ചെന്നൈയിൽ വെച്ച് ദക്ഷിണ റെയിൽവേ ജനറൽ മാനേജരും എൻ.കെ. പ്രേമചന്ദ്രൻ എംപിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കൊല്ലം–ചെങ്കോട്ട പാതയിലെ ട്രെയിനുകളുടെ വേഗത വർധിപ്പിക്കാനും കോച്ചുകളുടെ എണ്ണം കൂട്ടാനുമുള്ള നടപടികൾ റെയിൽവേ സ്വീകരിക്കും. നിലവിൽ പ്ലാറ്റ്‌ഫോമുകളുടെ നീളം കുറവായതാണ് കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ തടസ്സമായി നിൽക്കുന്നത്; അതിനാൽ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കാനുള്ള നടപടികൾക്ക് അടിയന്തര പ്രാധാന്യം നൽകും. ഇതോടൊപ്പം പാതയിലെ വളവുകളും ഭൂപ്രകൃതിയും ട്രെയിൻ വേഗതയ്ക്ക് തടസ്സമാകുന്നുണ്ട്. ഇക്കാര്യത്തിൽ ശാസ്ത്രീയമായ പഠനം നടത്തി വേഗത വർധിപ്പിക്കാനുള്ള മാർഗങ്ങൾ കണ്ടെത്താൻ ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും. റെയിൽവേ ഹെൽത്ത് യൂണിറ്റിനായി പുതിയ കെട്ടിടം നിർമിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്, ഇതിനായുള്ള ടെൻഡർ നടപടികൾ ഉടൻ തന്നെ ആരംഭിക്കും.

ചെങ്കോട്ട വരെ മാത്രമുള്ള ട്രെയിനുകൾ കൊല്ലത്തേക്ക് നീട്ടുക, പുനലൂർ-മധുര ട്രെയിൻ പുതുച്ചേരി വരെ ദീർഘിപ്പിക്കുക, കൊല്ലം-ചെങ്കോട്ട പാത വഴി പുതുച്ചേരിയിലേക്ക് പുതിയ സർവീസ് തുടങ്ങുക, കൊല്ലം-ഹുബള്ളി, തിരുവനന്തപുരം-താംബരം സ്പെഷൽ, കൊല്ലം – എഗ്‌മൂർ ട്രെയിനുകൾ ദിവസേനയുള്ള സർവീസുകളാക്കുക തുടങ്ങിയ ആവശ്യങ്ങൾ പരിഗണിക്കാമെന്നും റെയിൽവേ അധികൃതർ ഉറപ്പുനൽകി.

Fashion ⏭️

Back to top button