ചേരാനല്ലൂർ അപകടം; ജഡ്ജിയുടെ മകൻ കാർ ഓടിക്കാൻ പഠിച്ചത് യൂട്യൂബ് നോക്കി

അപകടത്തിൽപ്പെട്ട കാർ
കൊച്ചി: ചേരാനല്ലൂർ അപകടവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്ത്. 17കാരൻ ആലുവ കമ്പനിപ്പടിയിലെ ഫ്ലാറ്റിൽനിന്ന് വാഹനം എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഞായറാഴ്ച പുലർച്ചെ 1.36നാണ് വാഹനവുമായി പുറത്തേക്ക് വരുന്നത്. ഈ സമയം ശക്തമായി മഴ പെയ്യുന്നുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ടേ താൻ എഴുന്നേൽക്കുകയുള്ളൂവെന്ന് മകൻ മെസേജ് അയച്ചശേഷം ഉറങ്ങാൻ പോയതാണെന്നും മകൻ കാറുമായി പോയത് അറിയില്ലെന്നുമാണ് കുട്ടിയുടെ പിതാവായ ജഡ്ജിയുടെ മൊഴി.
അതേസമയം, പ്രതിയായ 17കാരന്റെ മൊഴികളിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ബെൻസ് എടുത്തിറങ്ങിയതെന്നും യൂട്യൂബ് നോക്കിയാണ് വാഹനം ഓടിക്കാൻ പഠിച്ചതെന്നുമാണ് കുട്ടി അന്വേഷണസംഘത്തോട് പറഞ്ഞത്. എന്നാൽ അന്വേഷണസംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
ഇതിന് മുൻപും 17കാരൻ വാഹനം ഓടിച്ചിട്ടുണ്ടെന്നതിന്റെ തെളിവുകൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഉണ്ടായിരുന്നു. എന്നാൽ അപകടത്തിന് പിന്നാലെ ഈ തെളിവുകൾ ഇൻസ്റ്റഗ്രാമിൽ നിന്ന് ഡിലീറ്റ് ചെയ്തതായി അന്വേഷണസംഘം കണ്ടെത്തി. കാർ ഓടിച്ച സമയത്ത് റൈഡിന്റെ ദൃശ്യങ്ങൾ 17കാരൻ സ്വന്തം ഫോണിൽ പകർത്തിയിരുന്നു. ഈ വീഡിയോകളിൽ 104 കിലോമീറ്ററോളം വേഗത്തിലാണ് വാഹനം ഓടിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. 2012 മോഡൽ കറുത്ത ബെൻസ് കാർ 2022ലാണ് ജഡ്ജി വാങ്ങിയതെന്നാണ് റിപ്പോർട്ട്.
17കാരനെതിരെ നരഹത്യയ്ക്ക് കേസെടുത്തിരുന്നു. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിന് മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ആർസി ഉടമയായ ജഡ്ജിയെയും കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ചേരാനല്ലൂരിൽ ഞായറാഴ്ച പുലർച്ചെ രണ്ടേകാലിനും രണ്ടരയ്ക്കുമിടയിലാണ് അപകടമുണ്ടായത്. സ്കൂട്ടർ യാത്രക്കാരനായ സൗത്ത് ചിറ്റൂർ നെല്ലുവേലിൽ പുത്തൻപറമ്പിൽ വീട്ടിൽ ജയബാലകൃഷ്ണനാണ് (55) മരിച്ചത്. ചിറ്റൂർ ക്ഷേത്രത്തിന് സമീപം തട്ടുകട നടത്തുകയായിരുന്നു ഇദ്ദേഹം.
English Summary
CCTV footage has emerged showing a 17-year-old boy taking a Mercedes-Benz car from an apartment in Companypady, Aluva, at 1.36 am on Sunday. The boy’s father, a judge, told investigators that he was unaware his son had taken the car. Investigators have reportedly found several inconsistencies in the teenager’s statements.
RELATED TOPICS: CHERANALLOOR ACCIDENT, CCTV FOOTAGE 17 YEAR OLD, JUDGE SON CAR ACCIDENT, MERCEDES BENZ ACCIDENT KERALA, JAYABALAKRISHNAN DEATH
Read News ⏭️




