ചേരാനല്ലൂർ അപകടം: അഡീഷണൽ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനിൽ നേരിട്ട് പോയത് വീഴ്ചയെന്ന് റിപ്പോർട്ട്

അപകടമുണ്ടാക്കിയ കാർ, മരിച്ച ജയബാലകൃഷ്ണന്‍
കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17 കാരന്റെ പിതാവും കാറുടമയുമായ അഡീഷണൽ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനിൽ പോയത് വീഴ്ചയെന്ന് റിപ്പോർട്ട്. ഔദ്യോഗിക ആവശ്യത്തിനല്ല ജഡ്ജി പൊലീസ് സ്റ്റേഷനില്‍ പോയതെന്നും സ്റ്റേഷനില്‍ പോകും മുന്‍പ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ അനുമതി തേടിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തിൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോർട്ട്ഫോളിയോ ജഡ്ജ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ജഡ്ജിയുടെ പെരുമാറ്റം ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
റിപ്പോർട്ട് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണ നിർവഹണ സമിതി പരിശോധിക്കും. ഔദ്യോഗിക ജോലിയുടെ ഭാഗമല്ലാതെ നേരിട്ട് ജുഡീഷ്യൽ ഓഫീസർ പൊലീസ് സ്റ്റേഷനിൽ നേരിട്ടുപോകുന്നത് സുപ്രീംകോടതി വിലക്കിയിട്ടുള്ളത് ഉൾപ്പെടെ പരിഗണിച്ചാകും ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം.
അതേസമയം, കേസിൽ അഡീഷണൽ ജില്ലാ ജഡ്ജിയെ പൊലീസ് ചോദ്യം ചെയ്തു. ഇന്നലെ വൈകിട്ട് ആലുവ കമ്പനിപ്പടിയിലെ ഫ്ളാറ്റിലെത്തിയാണ് ചോദ്യം ചെയ്തത്. തന്റെ അറിവോടെയല്ല മകൻ വാഹനമോടിച്ചതെന്നാണ് ജഡ്ജി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. മകൻ പതിവായി വാഹനമോടിക്കാറുള്ള കാര്യവും അറിയില്ലെന്നാണ് ജഡ്ജി പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞദിവസം കേസിൽ ജഡ്ജിയെയും പ്രതി ചേർത്തിരുന്നു.
17കാരനെതിരെ നരഹത്യയ്ക്ക് കേസെടുത്തതിന് പിന്നാലെയാണ് പിതാവിനെതിരെയും കേസെടുത്തത്. മോട്ടോർ വാഹനാപകട നഷ്പരിഹാര കേസുകൾ പരിഗണിക്കുന്ന അഡീഷണൽ ജില്ലാ ജഡ്ജിയെയാണ് പ്രതി ചേർത്ത് എഫ്.ഐ.ആർ പരിഷ്കരിച്ചത്. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.
RELATED TOPICS: CHERANALLOOR ACCIDENT, ADDITIONAL DISTRICT JUDGE, ADDITIONAL DISTRICT JUDGE REPORT, CHERNALLUR ACCIDENT NEWS
Read News ⏭️




