NEWS

അപസ്മാരം അഭിനയിച്ചു, ജീവനക്കാർ സെൽ തുറന്നപ്പോൾ ആക്രമിച്ചു; തേനിയെ ഞെട്ടിച്ച് കൂട്ടമായി ജയിൽ ചാട്ടം, ഇടുക്കിയിൽ ജാഗ്രത


മധുര∙ തമിഴ്നാട്ടിലെ തേനിയിലെ തെക്കംപാട്ടയിലുള്ള ജില്ലാ ജയിലിൽനിന്ന് വിചാരണ തടവുകാരായ 17 പേർ ജയിൽ ചാടിയത് അപസ്മാരം അഭിനയിച്ചെന്ന് റിപ്പോർട്ട്. തടവുകാരിൽ ഒരാൾ അപസ്മാരം വന്നതായി അഭിനയിച്ചു. ജയിൽ ജീവനക്കാർ സെൽ തുറന്നപ്പോൾ അവരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. തടവുചാടിയവരിൽ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തു. മറ്റുള്ള തടവുകാർ ഇടുക്കി വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ അതിർത്തിയിൽ പരിശോധന ശക്തമാക്കി.തടവുകാരുടെ ആക്രമണത്തിൽ മൂന്ന് ജയിൽ ജീവനക്കാർക്ക് പരുക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പൊലീസ് കോൺസ്റ്റബിൾ ജി. തങ്കപാണ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ജീവനക്കാരുടെ പരുക്ക് ഗുരുതരമല്ല. തടവുചാടിയ തേനി സ്വദേശികളായ പ്രവീൺ കുമാർ, സിലമ്പരസൻ, മധുര സ്വദേശികളായ രാജാ സികന്ദർ, രാജ്കുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.അതിർത്തി ഗ്രാമങ്ങളിൽ പൊലീസ് തിരച്ചിൽ ശക്തമാക്കി. കമ്പം, കമ്പംമെട്ട്, ബോഡിമെട്ട് എന്നിവിടങ്ങളിൽ വാഹന പരിശോധന നടത്തി വരികയാണ്. അതിർത്തി പ്രദേശങ്ങളിലുള്ളവർക്ക് പൊലീസ് ജാഗ്രതാ നിർദേശം നൽകി.


Fashion ⏭️

Back to top button