NEWS

അർണബ് ചുഴലിക്കാറ്റ് മറ്റന്നാൾ കരതൊടും; മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത, കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം∙ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം ‘അർണബ്’ ചുഴലിക്കാറ്റായി മാറി. മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറു ഭാഗത്തേക്കു നീങ്ങുന്ന ചുഴലിക്കാറ്റ് ഇന്ന് അർധരാത്രിയോടെ തീവ്ര ചുഴലിക്കാറ്റും നാളെയോടെ അതിതീവ്ര ചുഴലിക്കാറ്റായും ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെ ആന്ധ്ര പ്രദേശിലെ ബാപ്റ്റലയ്ക്കും വിശാഖപട്ടണത്തിനും ഇടയ്ക്ക് കരതൊടുമെന്നുള്ള വിവരത്തെ തുടർന്ന് ആന്ധ്ര തീരത്ത് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഏട്ടരയ്ക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം, ചുഴലിക്കാറ്റ് നിലവിൽ ഒഡീഷയിലെ ഗോപാൽപുരിൽനിന്ന് 580 കിലോമീറ്റർ അകലെയും ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് 610 കിലോമീറ്റർ അകലെയുമാണ് സ്ഥിതി ചെയ്യുന്നത്. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും ചിലപ്പോൾ 140 കിലോമീറ്റർ വരെയും വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആന്ധ്ര പ്രദേശ്, ഒഡീഷ തീരങ്ങളിൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനായി പോയവരോട് എത്രയും പെട്ടെന്ന് തിരികെ കരയിലെത്താൻ നിർദേശിച്ചു. ആന്ധ്ര, ബംഗാൾ, ഒഡീഷ, തമിഴ്നാട് തീരങ്ങളിൽ അർണബ് ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. 


Fashion ⏭️

Back to top button