NEWS
ശത്രുവിന്റെ ആയുധതന്ത്രം പ്രയോഗിച്ച യുഎസ് സൈന്യത്തെ കീഴടക്കി ഇറാൻ! ‘ലൂക്കാസിനെ’ വീഴ്ത്തി തിരിച്ചടിച്ചു; എന്താണ് ആ വജ്രായുധം?

ആധുനിക യുദ്ധഭൂമിയിൽ ആകാശമേഖല കീഴടക്കാൻ വൻകിട പ്രതിരോധ സാങ്കേതികവിദ്യകളും ശതകോടികൾ വിലമതിക്കുന്ന വിമാനങ്ങളും മാത്രം മതിയെന്ന പരമ്പരാഗത യുദ്ധസങ്കൽപങ്ങൾക്ക് വിരാമമാവുകയാണ്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, യുഎസ് വ്യോമസേന തങ്ങളുടെ തന്ത്രങ്ങളിൽ വരുത്തിയ വിപ്ലവാത്മകമായ മാറ്റത്തിന്റെ തെളിവാണ് ‘ലൂക്കാസ്’ എന്ന വൺ-വേ അറ്റാക്ക് ഡ്രോണുകളുടെ അരങ്ങേറ്റം. തങ്ങളെ നിരന്തരം വേട്ടയാടിയ ഇറാനിയൻ സാങ്കേതികവിദ്യയെത്തന്നെ തിരികെ പഠിച്ച്, അതേ നാണയത്തിൽ തിരിച്ചടിക്കാൻ യുഎസ് തയാറാക്കിയ ഏറ്റവും പുതിയ ആയുധമാണിത്. ഇതിനിടെ തെക്കൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസിനു മുകളിലൂടെ പറന്ന യുഎസിന്റെ ലൂക്കാസ് ഡ്രോൺ വെടിവച്ചിട്ടതായി ഇറാൻ സൈന്യം അറിയിച്ചു.∙ എന്താണ് ലൂക്കാസ് (LUCAS) ഡ്രോണുകൾ? യുഎസ് പ്രതിരോധ തന്ത്രങ്ങളിലെ സമാനതകളില്ലാത്ത ഒരു വഴിത്തിരിവാണ് ‘ലൂക്കാസ്’ അഥവാ FLM 136. ശത്രുലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞ് അവയിലേക്ക് സ്വയം ഇടിച്ചിറങ്ങി സ്ഫോടനം നടത്തുന്ന ‘ലോയിറ്ററിങ് മ്യൂണിഷൻ’ അഥവാ ‘കാമികാസെ’ ഡ്രോൺ വിഭാഗത്തിലാണ് ഇത് ഉൾപ്പെടുന്നത്. സാധാരണ നിരീക്ഷണ ഡ്രോണുകളെപ്പോലെ ദൗത്യം കഴിഞ്ഞ് തിരിച്ചെത്തുന്ന രീതി ഇതിനില്ല, ഒരുതവണ മാത്രം ഉപയോഗിക്കാവുന്ന ഒരു ആയുധമാണിത്.ഇറാൻ നിർമിത ശാഹെദ് ഡ്രോണുകളുടെ അതേ മാതൃകയിലാണ് ലൂക്കാസ് ഡിസൈൻ ചെയ്തിരിക്കുന്നത് എന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർ (ഐആർജിസി) എയറോസ്പേസ് ഫോഴ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ മജീദ് മൂസവിയും ഇതേ കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. യുഎസ് തങ്ങളുടെ ശാഹെദ്-136 മോഡൽ പകർത്തിയാണ് ലൂക്കാസ് ഡ്രോണുകൾ നിർമിച്ചതെന്ന് അദ്ദേഹം അവകാശപ്പെടുകയുണ്ടായി.
Fashion ⏭️




