സ്മാർട്ടാകാതെ കെ.എസ്.ഇ.ബി സ്മാർട്ട് മീറ്റർ പദ്ധതി

തിരുവനന്തപുരം: കെ.എസ്.ഇ.ബി സ്മാർട്ട് മീറ്റർ സ്ഥാപിക്കൽ പദ്ധതിയുടെ ഒന്നാം ഘട്ടം ലക്ഷ്യം കാണാതിരിക്കെ, രണ്ടാം ഘട്ടത്തിലും അനിശ്ചിതത്വം.ആദ്യ ഘട്ടത്തിൽ സ്ഥാപിച്ച മീറ്ററുകൾ പൂർണ്ണമായും സ്മാർട്ടായില്ല. സോഫ്റ്റ്വെയർ സംവിധാനമടക്കം കാര്യക്ഷമല്ലാത്തതാണ് കാരണം. സ്മാർട്ട് മീറ്ററിൽ നിന്നുള്ള ഡാറ്റ കെ.എസ്ഇ.ബിയുടെ ബില്ലിംഗ് സോഫ്റ്റ്വെയറുമായി സംയോജിപ്പിക്കുന്ന പ്രശ്നങ്ങളുണ്ട്.
ആദ്യ ഘട്ടത്തിൽ 3 ലക്ഷം മീറ്ററുകളാണ് സ്ഥാപിക്കാൻ ലക്ഷ്യമിട്ടത്. ഇതിനകം മീറ്ററുകൾ സ്ഥാപിച്ച എച്ച്.ടി., ഇ.എച്ച്.ടി ഉപഭോക്താക്കളുടെ മീറ്റർ റീഡിംഗ് മാന്വലയാണ് നടത്തുന്നത്. അസിസ്റ്റന്റ് എഞ്ചിനീയർമാരാണ് റീഡിംഗ് എടുക്കുന്നു. മീറ്റർ സ്മാർട്ടായിട്ടും പരമ്പരാഗത രീതിയിൽ റീഡിംഗ് എടുക്കേണ്ടി സാഹചര്യം ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി എഞ്ചിനിയേഴ്സ് അസോസിയേഷൻ സി.എം.ഡി എം.ജി രാജമാണിക്യത്തിന് കത്ത് നൽകി.
രണ്ടാം ഘട്ടത്തിൽ
ആശയക്കുഴപ്പം
50 ലക്ഷം ഉപഭോക്താക്കൾക്ക് സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതാണ് രണ്ടാം ഘട്ട പദ്ധതി.ഗാർഹിക ഉപഭോക്താക്കൾ, സോളാർ പ്രൊസ്യൂമർമാർ, ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ എന്നിവ ഇതിൽപ്പെടും. ടെണ്ടറിൽ ഒന്നാമതെത്തിയ കമ്പനിക്ക് കരാർ നൽകുന്നതിലാണ് ആശയക്കുഴപ്പം. ഗ്രിഡ്ക്രെസ്റ്റ് ടെക്നോളജീസ് എന്ന കമ്പനി പരിപാലനമടക്കം 3240.78 കോടി രൂപ ക്വോട്ട് ചെയ്ത് ഒന്നാമതെത്തി. ഇവർക്ക് കരാർ നൽകാതെ 9281.75 കോടി ക്വാട്ട് ചെയ്ത് ടെണ്ടറിൽ പത്താമത്തെിയ അദാനി എനർജി സൊല്യൂഷൻസിന് നൽകാൻ നീക്കം നടക്കുന്നുന്നതായി ആക്ഷേപമുയർന്നു.
കരാർ ആർക്ക് നൽകുമെന്നതിൽ തീരുമാനം കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് സംസ്ഥാന സർക്കാരിന് വിട്ടിരിക്കുകയാണ്. ടെൻഡർ കാലാവധി നവംബർ ആദ്യ വാരം അവസാനിക്കും. വീണ്ടും ടെൻഡർ നടപടികൾ
വേണ്ടി വരുന്നത് രണ്ടാം ഘട്ടം വൈകാനിടയാക്കും.




