കേരളത്തിൽ അതിതീവ്ര മഴ; വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് നിരോധനം, മുന്നറിയിപ്പുമായി കളക്ടർ

പ്രതീകാത്മക ചിത്രം
കൽപറ്റ: അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് ദുരന്തസാദ്ധ്യതാ പ്രദേശങ്ങളിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, സാഹസിക ടൂറിസം ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ, ട്രക്കിംഗ് എന്നിവയ്ക്ക് ഇന്ന് പൂർണ നിരോധനം ഏർപ്പെടുത്തി കളക്ടർ വി ചെൽസാസിനി. ദുരന്തസാദ്ധ്യത പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കളക്ടർ അറിയിച്ചു.
ആനക്കാംപൊയിൽ – കള്ളാടി തുരങ്കപ്പാത നിർമാണപ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ നടപടികൾ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയും വെള്ളരിമല വില്ലേജ് ഓഫീസറും ചേർന്ന് സ്വീകരിക്കണമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
ഇന്നലെ പകൽ മുഴുവൻ പെയ്ത കനത്ത മഴയിൽ കൽപറ്റ നഗരത്തിൽ പലയിടങ്ങളിലായി വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വയനാട് ഇന്ന് റെഡ് അലർട്ടാണ്. അതിതീവ്രമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്റർ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കനത്ത മഴയെ തുടർന്ന് ചീരാൽ വെള്ളച്ചാൽ ഊരിൽ വെള്ളം കയറിയതിനാൽ കല്ലിങ്കര ഗവ. എൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.
കേരളത്തിലും തമിഴ്നാട്ടിലും മഴ കനക്കുകയാണ്. കനത്ത മഴയെത്തുടർന്ന് ഇന്നലെ മേട്ടുപ്പാളയം – ഊട്ടി ദേശീയപാതയിലും മേട്ടുപ്പാളയം – കോത്തഗിരി സംസ്ഥാനപാതയിലും പലയിടങ്ങളിലായി മണ്ണിടിച്ചിലുണ്ടായി. കനത്ത മഴയാണ് നീലഗിരി ജില്ലയിലും താഴ്വാര പ്രദേശമായ മേട്ടുപ്പാളയത്തും പെയ്യുന്നത്. കൂനൂർ റോഡിൽ 14 സ്ഥലങ്ങളിലും കോത്തഗിരി റോഡിൽ മൂന്ന് സ്ഥലത്തും മണ്ണിടിച്ചിലുണ്ടായി. ബർലിയാറിൽ അർദ്ധ രാത്രി സർക്കാർ ബസിന് മുകളിൽ മണ്ണും പാറയും വീണ് ഡ്രൈവർ മരിച്ചു. ഊട്ടി ബെട്ടട്ടി കനകരാജ് (50) ആണ് മരിച്ചത്.
ആളപായങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കേരളത്തിലെ വിവിധയിടങ്ങളിൽ നിന്നെത്തിയ വിദ്യാർത്ഥികളടങ്ങുന്ന സഞ്ചാരികളുടെ വാഹനങ്ങൾ രാത്രി മണിക്കൂറുകളോളം കുടുങ്ങിയെങ്കിലും പുലർച്ചെയോടെ സുരക്ഷിതമായി മേട്ടുപ്പാളയത്തിൽ നിന്ന് പുറപ്പെട്ടു.കൂനൂർ – മേട്ടുപ്പാളയം കാനന പാതയിൽ റോഡിൽ ബർളിയാറിനും കൂനൂരിനും ഇടയിൽ വാഹനങ്ങൾ മുന്നോട്ടും പിന്നോട്ടും പോകാനാകാതെ പിടിച്ചിട്ടിരിക്കുകയാണ്.
സ്ഥലത്ത് കോയമ്പത്തൂർ മേഖലാ ഐജി രമ്യ ഭാരതിയുടെ നേതൃത്വത്തിൽ പൊലീസ് രക്ഷാപ്രവർത്തനം ഊർജിതമാക്കിയിരിക്കുകയാണ്. ഇപ്പോൾ മേട്ടുപ്പാളയത്തുവച്ച് തന്നെ ഊട്ടി ഭാഗത്തേക്കുള്ള വാഹനങ്ങളെല്ലാം തടഞ്ഞിരിക്കുകയാണ്. നീലഗിരി ജില്ലയിലേക്കുള്ള രണ്ട് പ്രവേശന കവാടങ്ങളും മാർഗങ്ങളും സുരക്ഷ മുൻനിർത്തി പൊലീസ് അടച്ചിട്ടു. കനത്ത മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ നീലഗിരിയിലേക്കുള്ള യാത്ര മാറ്റിവയ്ക്കണമെന്ന് അധികൃതർ അറിയിച്ചു. ഊട്ടിയിലേക്കുള്ള സർക്കാർ ബസ് സർവീസ് ഉൾപ്പെടെ നിർത്തിവച്ചു.
English Summary
In view of the red alert for extremely heavy rainfall, Wayanad District Collector V. Chelasini has imposed a complete ban on resorts, homestays, adventure tourism activities, tourist destinations and trekking in disaster-prone areas for today. Local authorities have been directed to relocate people living in vulnerable areas to safer locations, including the construction zone of the Anakkampoyil–Kalladi tunnel road.
RELATED TOPICS: WAYANAD RED ALERT, WAYANAD HEAVY RAIN, TOURISM BAN WAYANAD, KERALA WEATHER ALERT, WAYANAD TREKKING BAN
Read News ⏭️




