HEALTH

എസ്.എം.എ രോഗികൾക്കായി ഇനി വിദേശ മരുന്ന് വാങ്ങില്ല; വാർത്തക്ക് പിന്നിൽ വിദേശ മരുന്ന് കമ്പനികളാവാം: മന്ത്രി കെ. മുരളീധരൻ | No more buying foreign drugs for SMA patients- Minister K Muraleedharan


തിരുവനന്തപുരം: സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) രോഗികൾക്കായി ഇനി വിദേശ മരുന്ന് വാങ്ങില്ലെന്നും ചില ചാനലുകളിൽ വാർത്ത വന്നതാണ് ആശങ്കയ്ക്ക് കാരണമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ. സുപ്രീംകോടതി പോലും അംഗീകരിച്ച ഇന്ത്യൻ നിർമിത മരുന്നുമായി മുന്നോട്ടുപോകുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ മരുന്നിനെതിരായ വാർത്തയ്ക്ക് പിന്നിൽ ചിലപ്പോൾ വിദേശ മരുന്ന് കമ്പനികളാവുമെന്നും മന്ത്രി കുറ്റപ്പെടുത്തി.മുൻ ആരോഗ്യമന്ത്രിമാർ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തെയും കെ. മുരളീധരൻ വിമർശിച്ചു. സ്വന്തം പാർട്ടിക്കാർക്ക് വേണ്ടാത്ത വനിതകൾ ഇന്നലെ ഒരുമിച്ചുവന്നു എന്നായിരുന്നു പ്രതികരണം. ഒരു മന്ത്രിയുടെ കാലത്താണ് അണുബാധയുണ്ടായി കുട്ടികൾ മരിച്ചത്. മറ്റൊരു മന്ത്രിയുടെ കാലത്താണ് നിപ്പ വന്ന് മനുഷ്യർ മരിച്ചത്. മറ്റൊരു മന്ത്രി കിട്ടാത്ത അടി കിട്ടിയെന്ന് നുണ പറഞ്ഞവരാണെന്നും മുരളീധരൻ പറഞ്ഞു.യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ ആരോഗ്യമേഖല കുത്തഴിഞ്ഞുവെന്ന ഇടത് മന്ത്രിസഭകളിലെ മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണവും ആരോഗ്യമന്ത്രി കെ. മുരളീധരൻ തള്ളി. ആരോഗ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിയാൻ ഉദ്ദേശിക്കുന്നില്ല. കോൺഗ്രസ് പാർട്ടിയാണ് എന്നെ മന്ത്രിയാക്കിയത്. മുൻ ഇടതുസർക്കാരിന്റെ കാലത്തേതുപോലെ സർജറിക്കൊപ്പം കത്രിക ഫ്രീയായി ഇട്ടുകൊടുക്കുന്ന പരിപാടി ഇപ്പോഴില്ലെന്നും മുരളീധരൻ പരിഹസിച്ചു. ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ രൂക്ഷവിമർശനമുന്നയിച്ച് മുൻ ആരോഗ്യമന്ത്രിമാരായ പി.കെ. ശ്രീമതിയും കെ.കെ. ശൈലജയും വീണാ ജോർജുമാണ് ഇന്നലെ സംയുക്ത വാർത്താസമ്മേളനം നടത്തിയത്. എസ്.എം.എ (സ്പൈനൽ മസ്കുലാർ അട്രോഫി) ബാധിതരായ കുട്ടികൾക്ക് ‘ക്ലിനിക്കൽ ട്രയൽ ഒൺലി’ എന്ന് രേഖപ്പെടുത്തിയ മരുന്നുകൾ വിതരണം ചെയ്ത സംഭവം വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് ഇടത് നേതാക്കളുടെ ആരോപണം. ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ കർശനമായ മാനദണ്ഡങ്ങളുള്ളപ്പോഴാണ് യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ ഇത്തരം മരുന്നുകൾ പിഞ്ചുകുഞ്ഞുങ്ങൾക്ക് നൽകുന്നത്. സംഭവം അങ്ങേയറ്റം തെറ്റാണെന്നും പി.കെ. ശ്രീമതി കൂട്ടിച്ചേർത്തു.


Life Style ⏭️

Back to top button