SPORTS
ഗില്ലിന്റെ റെക്കോർഡിന് അൽപായുസ്സ്, അതിവേഗ ഡബിൾ സെഞ്ചറിയുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ, 116 പന്തിൽ 202 റൺസ്

റാവൽപിണ്ടി∙ പുരുഷ ഏകദിന ക്രിക്കറ്റിലെ വേഗതയേറിയ ഡബിൾ സെഞ്ചറി സ്വന്തമാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക്. ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്കയ്ക്കെതിരായ പോരാട്ടത്തിൽ 114 പന്തുകളിൽനിന്നാണ് ബ്രൂക്ക് ഡബിൾ സെഞ്ചറിയിലെത്തിയത്. ഇംഗ്ലണ്ടിനായി ഡബിൾ സെഞ്ചറി നേടുന്ന ആദ്യ താരം കൂടിയാണ് ബ്രൂക്ക്. ഏകദിനത്തിൽ ഒരു ഇംഗ്ലിഷ് താരത്തിന്റെ ഉയർന്ന സ്കോറെന്ന റെക്കോർഡും ഇതോടെ ഹാരി ബ്രൂക്കിന്റെ പേരിലായി. വെസ്റ്റിൻഡീസിനെതിരെ 117 പന്തിൽ 200 പിന്നിട്ട് ഇന്ത്യന്‍ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ സ്വന്തം പേരിലാക്കിയ റെക്കോർഡാണ് ദിവസങ്ങൾക്കുള്ളിൽ ബ്രൂക്ക് തകർത്തുവിട്ടത്.മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 429 റൺസാണ് അടിച്ചെടുത്തത്. ഏകദിന ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ നാലാമത്തെ ഉയർന്ന സ്കോറാണിത്. 2022 ൽ നെതർലൻഡ്സിനെതിരെ നാലു വിക്കറ്റ് നഷ്ടത്തില്‍ 498 റൺസടിച്ചതാണ് ഏകദിന ചരിത്രത്തിലെ തന്നെ ഉയർന്ന സ്കോർ. 2018ൽ ഓസ്ട്രേലിയയ്ക്കെതിരെ 481 റൺസും, 2016ൽ പാക്കിസ്ഥാനെതിരെ 444 റൺസും ഇംഗ്ലണ്ട് സ്കോർ ചെയ്തിട്ടുണ്ട്.
Auto ⏭️




