NEWS
‘പരീക്ഷണത്തിനു മാറ്റിവച്ച മരുന്ന് കുട്ടികൾക്ക് നൽകുന്നു; ആരോഗ്യരംഗത്ത് വലിയ തകർച്ച’: മുരളീധരനെതിരെ മുൻ മന്ത്രിമാർ

തിരുവനന്തപുരം∙ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം സംസ്ഥാനത്തെ ആരോഗ്യരംഗം നേരിടുന്നതു വലിയ തകര്‍ച്ചയാണെന്ന് മുന്‍ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ പി.കെ.ശ്രീമതി. മുന്‍ ആരോഗ്യമന്ത്രിമാരായ കെ.കെ.ശൈലജ, വീണാ ജോര്‍ജ് എന്നിവര്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തിയാണ് പി.കെ.ശ്രീമതി നിലവിലെ ആരോഗ്യമന്ത്രി കെ.മുരളീധരന് എതിരെ വിമര്‍ശനം ഉന്നയിച്ചത്. എല്ലാം നിസാരമായി പരിഹരിച്ചു കളയും എന്ന നിലപാടാണ് കെ.മുരളീധരനുള്ളതെന്ന് പി.കെ.ശ്രീമതി പറഞ്ഞു. വലിയ വിമര്‍ശനങ്ങളാണ് ആരോഗ്യരംഗത്തിനെതിരെ ഉയര്‍ന്നത്. പലയിടത്തും ഡോക്ടര്‍മാരും മരുന്നുമില്ലാത്ത നിലയാണുള്ളതെന്നും പി.കെ.ശ്രീമതി പറഞ്ഞു. മസിലുകള്‍ക്കു ശോഷണം വരുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗം ബാധിച്ച കുട്ടികള്‍ക്ക് ക്ലിനിക്കല്‍ ട്രയലിനുള്ള മരുന്നു നല്‍കിയത് ഗുരുതരമാണെന്നും പി.കെ.ശ്രീമതി പറഞ്ഞു. പരീക്ഷണത്തിനു വേണ്ടി മാറ്റിവച്ച മരുന്നാണു ഒരു കുട്ടിക്കു നല്‍കിയത്. പിന്നീടത് തിരിച്ചെടുത്തുവെന്ന് പറഞ്ഞെങ്കിലും അത് വലിയ പിഴവാണ്. മരുന്ന് ഉല്‍പാദിപ്പിക്കുന്ന ഹൈദരാബാദിലെ കമ്പനിയുടെ മേധാവിമാര്‍ എസ്എടിയുടെ സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം ആരോഗ്യമന്ത്രി മുരളീധരനെ കണ്ട് നിവേദനം കൊടുക്കുന്നതിന്റെ ചിത്രമാണു പുറത്തുവന്നിരിക്കുന്നത്. മരുന്നു കമ്പനികളുമായി മന്ത്രി നേരിട്ടു ചര്‍ച്ച നടത്തുന്നത് ശരിയല്ല. തൊട്ടുപിന്നാലെ അവരുടെ മരുന്നു വാങ്ങാന്‍ തീരുമാനമാകുകയും ചെയ്തു. മരുന്നുകമ്പനികള്‍ക്കു വിധേയത്വം പുലര്‍ത്തുന്ന സ്ഥിതിയിലേക്ക് മന്ത്രി മാറിയിരിക്കുന്നു. ഞങ്ങള്‍ മൂന്നു പേരും മന്ത്രിയായിരുന്നപ്പോള്‍ ഒരു മരുന്നു കമ്പനി ഏജന്റും ഞങ്ങളുമായി നേരിട്ടു ചര്‍ച്ച നടത്തിയിട്ടില്ല. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ പ്രവര്‍ത്തനം അട്ടിമറിക്കാനുള്ള നീക്കമാണിത്. ആരോഗ്യമന്ത്രി സ്ഥാനത്തിരിക്കാനുള്ള അര്‍ഹത കെ.മുരളീധരന് നഷ്ടമായെന്നും ഇക്കാര്യങ്ങള്‍ എല്ലാം അന്വേഷണത്തിന് വിധേയമാക്കണമെന്നും പി.കെ.ശ്രീമതി ആവശ്യപ്പെട്ടു.
Fashion ⏭️



